തിരുവനന്തപുരം: ദേശീയ പണിമുടക്കിന്റെ രണ്ടാം ദിവസവും ട്രെയിൻ തടയലും പ്രതിഷേധവും. ട്രെയിനുകൾ തടയില്ലെന്നും പിക്കറ്റിംഗ് മാത്രെ ഉണ്ടാവുകയുള്ളു എന്ന് നേതാക്കൾ ഉറപ്പു നൽകിയിരുന്നെങ്കിലും അതൊക്കെ അസ്ഥാനത്താകുന്ന കാഴ്‌ചയാണ് കണ്ടത്. തുടർന്ന് തിരുവനന്തപുരത്ത് ട്രെയിൻ തടഞ്ഞവരെ പൊലീസ് അറസ്‌റ്റ് ചെയ്‌ത് നീക്കി. പല തീവണ്ടികളും വൈകിയാണ് ഓടുന്നത്.
കടകളെല്ലാം അടഞ്ഞു തന്നെയാണ് കിടക്കുന്നത്. കെ.എസ്.ആർ.ടി.സിയോ മറ്റ് സ്വകാര്യ ബസുകളോ ഓടുന്നില്ല.കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾ തിരുത്തണമെന്നാവശ്യപ്പെട്ട് പണിമുടക്കുന്ന തൊഴിലാളികൾ ഇന്ന് പാർലമെന്റിലേക്ക് മാർച്ച് നടത്തും. രാവിലെ പതിനൊന്നിന് ദില്ലി മണ്ഡി ഹൗസിൽ നിന്നും പാർലമെന്റ് സ്ട്രീറ്റിലേക്കാണ് മാർച്ച്. ബി.എം.എസ് ഒഴികെയുള്ള തൊഴിലാളി സംഘടനകളാണ് പണിമുടക്കുന്നത്. ഇന്നലെ തുടങ്ങിയ 48 മണിക്കൂർ പണിമുടക്ക് ബംഗാൾ, ഒഡീഷ, അസം ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ പൂർണമായിരുന്നു. ഉത്തരേന്ത്യയിൽ പലയിടത്തും റോഡ്, റെയിൽ ഗതാഗതം തടസപ്പെട്ടു. വ്യാവസായിക, കാർഷിക മേഖലകളെ പണിമുടക്ക് ബാധിച്ചു.