elephant-attack

സന്നിധാനം: ശബരിമല കാനനപാതയിലുണ്ടായ കാട്ടാന ആക്രമണത്തിൽ തമിഴ്നാട് സേലത്ത് നിന്നെത്തിയ തീർത്ഥാടകന് ദാരുണാന്ത്യം. കഴിഞ്ഞ ദിവസം രാത്രി കരിയിലാംതോടിനും കരിമലയ്‌ക്കും മധ്യേ പരമ്പരരാഗത കാനനപാതയിലുണ്ടായ ആക്രമണത്തിൽ പരമശിവം (35) എന്ന തീർത്ഥാടകനാണ് മരിച്ചത്.

എരുമേലിയിൽ പേട്ടതുള്ളി ശബരിമല ഭക്തന്മാർ കരിമല വഴി സന്നിധാനത്തേക്ക് കാൽനടയായി വരുന്ന പാതയിലാണ് അപകടമുണ്ടായത്. മകരവിളക്കിനോട് അനുബന്ധിച്ച് ആയിരക്കണക്കിന് അയ്യപ്പന്മാരാണ് ഇതുവഴി കടന്ന് പോകുന്നത്. കഴിഞ്ഞ ദിവസം രാത്രിയിൽ ഇവർ വിശ്രമിച്ചിരുന്ന കടയുടെ ഭാഗത്ത് കാട്ടാന വന്നതോടെ രക്ഷപ്പെട്ട് മറ്റൊരു കടയുടെ ഭാഗത്തേക്ക് പോകുമ്പോഴാണ് ആക്രമണമുണ്ടായത്. ഉടൻ തന്നെ വനപാലകരും അയ്യപ്പസേവാസംഘം പ്രവർത്തകരും ചേർന്ന് പരമശിവത്തെ ചുമന്ന് മുക്കുഴിൽ എത്തിച്ചു. അവിടെ നിന്നും മുണ്ടക്കയത്തെ സർക്കാർ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ശബരിമല തീർത്ഥാടന കാലത്ത് അടക്കം കാട്ടാന ആക്രമണം നേരിടുന്ന പ്രദേശമാണ് കാനനപാത. തീർത്ഥാടനം തുടങ്ങിയ ശേഷം എല്ലാ ദിവസവും കാട്ടാന ഇറങ്ങാറുണ്ടെന്നാണ് വിവരം. എന്നാൽ ഇത്തവണ ഇതാദ്യമായാണ് കാട്ടാന ആക്രമണത്തിൽ ഒരാൾ മരിക്കുന്നത്.