ന്യൂഡൽഹി: ഓരോ ഇന്ത്യക്കാർക്കും 15 ലക്ഷം രൂപ നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നൽകിയ വാഗ്‌ദാനം പാലിച്ചിരുന്നെങ്കിൽ ഇപ്പോൾ 10 ശതമാനം സാമ്പത്തിക സംവരണം ഏർപ്പെടുത്തേണ്ടി വരുമായിരുന്നില്ലെന്ന് എ.ഐ.എ.ഡി.എം.കെ നേതാവും ഡെപ്യൂട്ടി സ്‌പീക്കറുമായ എം.തമ്പിദുരൈ വ്യക്തമാക്കി. ‘ഓരോ പൗരനും 15 ലക്ഷം രൂപ നൽകുമെന്ന് മോദി വാഗ്‌ദാനം ചെയ്‌തിരുന്നു. അത് ചെയ്‌തിരുന്നുവെങ്കിൽ ഈ ബില്ലിന്റെ ആവശ്യം ഉണ്ടാകുമായിരുന്നില്ലെന്നും ബിൽ നടപ്പാക്കുന്നതിലെ സാങ്കേതിക ബുദ്ധിമുട്ടുകളെ കുറിച്ചും' തമ്പിദുരൈ സംശയം പ്രകടിപ്പിച്ചു.
സംവരണ ബിൽ അനാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. 'ആളുകൾ കൈക്കൂലി നൽകി തങ്ങൾ പാവപ്പെട്ടവരാണെന്ന സർട്ടിഫിക്കറ്റ് സംഘടിപ്പിക്കും. പാവങ്ങൾക്കായി പല പദ്ധതികളുമുണ്ട്. സർക്കാർ പദ്ധതികളെല്ലാം പരാജയപ്പെട്ടതുകൊണ്ടാണോ ഒരാവശ്യവുമില്ലാത്ത ഈ ബിൽ കൊണ്ടുവരുന്നതെന്നും' തമ്പിദുരൈ ചോദിച്ചു. ഈ സംവരണ ബിൽ സുപ്രീംകോടതി അസാധുവാക്കുമെന്ന് ഉറപ്പാണെന്നും അദ്ദഹം പറഞ്ഞു.
മുന്നാക്ക സമുദായങ്ങളുടെ വർഷങ്ങളായുള്ള മുഖ്യ ആവശ്യമായ സാമ്പത്തിക സംവരണ ബിൽ ഇന്നലെയാണ് ലോക്‌സഭയിൽ പാസാക്കിയത്. മുന്നാക്ക സമുദായത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സർക്കാർ സർവീസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും 10 ശതമാനം സംവരണം ഏർപ്പെടുത്തുന്ന ബില്ലാണ് പാർലമെന്റിൽ പാസായത്. ഇതുമായി ബന്ധപ്പെട്ട് നടന്ന വോട്ടെടുപ്പിൽ 323 പേർ അനുകൂലിച്ച് വോട്ട് ചെയ്‌തു. സി.പി.എമ്മും കോൺഗ്രസും അനുകൂലിച്ച് വോട്ട് ചെയ്‌തപ്പോൾ മൂന്ന് പേർ എതിർത്ത് വോട്ട് ചെയ്‌തു. വോട്ടെടുപ്പിൽ നിന്ന് അണ്ണാ ഡി.എം.കെ ഇറങ്ങിപ്പോയി. ലോക്‌സഭയിൽ പാസായതോടെ ബിൽ ഇന്ന് രാജ്യസഭയിൽ പരിഗണിക്കും