love-failure

കോവളം: പ്രണയനൈരാശ്യത്തെ തുടർന്ന് എലിവിഷം കഴിച്ച ശേഷം മരത്തിന് മുകളിൽ കയറി ആത്മഹത്യാഭീഷണി മുഴക്കിയ ഇതര സംസ്ഥാന തൊഴിലാളി കോവളത്തെ ആശങ്കയിലാക്കി. പശ്ചിമ ബംഗാൾ സ്വദേശി സോളമനാണ് (22) ഭീഷണിയുമായി മാവിന് മുകളിൽ കയറിയത്. ഫയർഫോഴ്സിന്റെ അനുനയശ്രമത്തിനിടെ മരക്കൊമ്പ് ഒടിഞ്ഞുവീണ് ഇയാളുടെ കൈയൊടിഞ്ഞു. ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെ കോവളം പൊലീസ് സ്റ്റേഷന് സമീപം തൊഴിച്ചൽ ഭാഗത്തെ സ്വകാര്യവ്യക്തിയുടെ പുരയിടത്തിലാണ് നാടകീയ സംഭവം അരങ്ങേറിയത്. ഇതര സംസ്ഥാന തൊഴിലാളികൾ കൂട്ടമായി താമസിക്കുന്നിടത്തെ അന്തേവാസിയായ ഇയാൾ ഫയർഫോഴ്സിനെയും നാട്ടുകാരെയും മണിക്കൂറുകളോളം മുൾമുനയിൽ നിറുത്തി. മാവിൽ കയറിയശേഷം താൻ എലിവിഷം കഴിച്ചിട്ടുണ്ടെന്നും ആരെങ്കിലും മരത്തിലേക്ക് കയറിയാൽ താഴേക്ക് ചാടുമെന്ന മുന്നറിയിപ്പും ഇയാൾ നൽകിയതോടെ അധികൃതർ ആശങ്കയിലായി. ദൂരെയുള്ള പെൺകുട്ടിയുടെ വീട് ചൂണ്ടിക്കാട്ടിയാണ് ഇയാൾ ആത്മഹത്യാഭീഷണി നടത്തിയത്. അനുനയിപ്പിച്ച് താഴെ ഇറക്കാൻ ശ്രമിച്ച ഫയർഫോഴ്സ് അധികൃതർ സംഗതി പന്തിയല്ലെന്ന് കണ്ടതോടെ സമീപത്തെ വീടുകളിൽ നിന്നു മെത്തകൾ ശേഖരിച്ച് മരത്തിന് താഴെ വിരിച്ചു. ഇതിനിടെയാണ് സോളമൻ ഇരുന്ന മരക്കൊമ്പൊടിഞ്ഞ് താഴേക്ക് വീണത്. ബെഡ് പിടിച്ചിരുന്ന നാട്ടുകാരനായ യുവാവിനും പരിക്കേറ്റു. വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ചപ്പോൾ ഇയാളുടെ പോക്കറ്റിൽ നിന്നു എലിവിഷം അടങ്ങിയ കവർ കണ്ടെത്തി. തുടർന്ന് ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അഗ്നിശമനസേന വിഴിഞ്ഞം സ്റ്റേഷൻ ഓഫീസർ ടി. രാമമൂർത്തി, അസി. സ്റ്റേഷൻ ഓഫീസർ ടി.കെ. രവീന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം. കോവളം പൊലീസ് കേസെടുത്തു.