ന്യൂഡൽഹി: ശബരിമല വിഷയത്തിൽ കേരളം സന്ദർശിച്ച് തെളിവെടുപ്പ് നടത്തിയ ബി.ജെ.പി പ്രതിനിധി സംഘം ഇന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ കാണും. വി.മുരളീധരൻ അടക്കമുള്ള നേതാക്കളാണ് രാഷ്ട്രപതിയെ സന്ദർശിക്കുന്നത്. പാർട്ടി തലത്തിൽ നിശ്ചയിച്ച പരിപാടിയാണെങ്കിലും കേരളത്തിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ട സ്ഥിതിക്ക് കൂടിക്കാഴ്‌ചയ്‌ക്ക് ഏറെ രാഷ്ട്രീയ മാനങ്ങൾ കൈവന്നു. രാഷ്ട്രപതിയുമായി സംഘം ഏതൊക്കെ വിഷയത്തിലാണ് ചർച്ചകൾ നടത്തുകയെന്ന കാര്യം ഇതുവരെ വ്യക്തമായിട്ടില്ല.
ശബരിമലയിലെ സ്ഥിതിഗതികൾ പഠിക്കുന്നതിനായി ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷായാണ് നാലംഗ എം.പിമാരുടെ സംഘത്തെ നിയോഗിച്ചത്. ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി സരോജ് പാണ്ഡെ എം.പിയുടെ നേതൃത്വത്തിലുള്ള സംഘത്തിൽ പട്ടികജാതി മോർച്ച ദേശീയ അദ്ധ്യക്ഷൻ വിനോദ് സോംകാർ എം.പി, പ്രഹ്ലാദ് ജോഷി എം.പി, നളിൻ കുമാർ കട്ടീൽ എം.പി എന്നിവരാണുള്ളത്. കേരളത്തിലെത്തിയ സംഘം ശബരിമലയിലും മറ്റിടങ്ങളിലും തെളിവെടുപ്പ് നടത്തിയിരുന്നു. ശബരിമലയിൽ നിരോധനാജ്ഞ ലംഘിച്ചതിന് പൊലീസ് അറസ്‌റ്റ് ചെയ്‌ത ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രനെ സംഘം ജയിലിലെത്തി സന്ദർശിച്ചിരുന്നു. ശബരിമല വിഷയത്തിൽ സംസ്ഥാന സർക്കാർ രാഷ്ട്രീയം കളിക്കുകയാണെന്നും ഇക്കാര്യത്തിൽ പരിഹാരം കാണണമെന്നും ഗവർണർ ജസ്‌റ്റിസ് പി.സദാശിവത്തെ കണ്ട് നിവേദനം നൽകിയാണ് സംഘം മടങ്ങിയത്.