തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് സംയുക്ത തൊഴിലാളി യൂണിയനുകൾ പ്രഖ്യാപിച്ച 48 മണിക്കൂർ അഖിലേന്ത്യാ പണിമുടക്കിന്റെ രണ്ടാം ദിവസവും സംസ്ഥാനത്തെ സ്ഥിതിഗതികൾ ഹർത്താലിന് തുല്യം. പണിമുടക്കനുകൂലികൾ തിരുവനന്തപുരം സെൻട്രലുൾപ്പെടെ പ്രധാന സ്റ്റേഷനുകളിൽ ട്രെയിനുകൾ തടഞ്ഞത് യാത്രക്കാരെ ദുരിതത്തിലാക്കി.
തിരുവനന്തപുരത്ത് വേണാട്, ശബരി എക്സ് പ്രസുകൾ തടഞ്ഞു. സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഇരു ട്രെയിനുകളും 40 മിനിട്ട് വൈകിയാണ് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ടത്. അരമണിക്കൂറാണ് ശബരി എക്സ് പ്രസ് തടഞ്ഞതെങ്കിലും സാങ്കേതിക തകരാർ കൂടി പരിഹരിച്ചശേഷമാണ് ശബരിക്ക് യാത്ര തുടരാനായത്. കൊല്ലം - തിരുവനന്തപുരം പാസഞ്ചർ ചിറയിൻകീഴിലും സമരാനുകൂലികൾ തടഞ്ഞു. പൊലീസെത്തി അരമണിക്കൂറിന് ശേഷം പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്തശേഷമാണ് പാസഞ്ചർ പുറപ്പെട്ടത്. കളമശ്ശേരിയിലും കോട്ടയം-നിലമ്പൂർ പാസഞ്ചർ തടഞ്ഞു.ചങ്ങനാശേരിയിലും സമരസമിതി പ്രവർത്തകർ ട്രെയിൻ തടഞ്ഞു. ഇന്നും ഉച്ചവരെ വിവിധ കേന്ദ്രങ്ങളിൽ ട്രെയിൻ തടയുമെന്ന് സമരക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.
പണിമുടക്കിന്റെ രണ്ടാം ദിവസവും ശബരിമല സർവ്വീസുകൾ ഒഴികെ മറ്റ് സർവ്വീസുകളൊന്നും കെ.എസ്.ആർ.ടി.സിക്ക് നടത്താൻ കഴിഞ്ഞില്ല. ശബരിമലയിലേക്ക് അന്തർ സംസ്ഥാന സർവ്വീസുകൾ ഉൾപ്പെടെ 72 ഷെഡ്യൂളുകൾ ഇന്ന് നടത്തിയെങ്കിലും തീർത്ഥാടകരുടെ എണ്ണം നന്നേ കുറവാണ്. സ്വകാര്യ ബസുകൾ ഒരിടത്തും ഇന്നും സർവ്വീസ് നടത്തിയില്ല. ഓട്ടോ- ടാക്സി തൊഴിലാളികൾ ഇന്നും പണിമുടക്കിൽ പങ്കെടുക്കുന്നുണ്ടെങ്കിലും നഗരത്തിലുൾപ്പെടെ ചുരുക്കം ചില ആട്ടോ റിക്ഷകൾ ഇന്ന് അതിരാവിലെ സർവ്വീസ് നടത്തിയിരുന്നു. എന്നാൽ പിന്നീട് ഇവ നിലച്ചു.
സർക്കാർ ഓഫീസുകളുടെയും വിദ്യാലയങ്ങളുടെയും പ്രവർത്തനം രണ്ടാംദിവസവും പണിമുടക്കിനാൽ തടസപ്പെട്ടിരിക്കുകയാണ്. നഗരത്തിലും പ്രാന്ത പ്രദേശങ്ങളിലുമുൾപ്പെടെ കടകമ്പോളങ്ങൾ ഭൂരിഭാഗവും ഇന്നും അടഞ്ഞുകിടക്കുകയാണ്. ചിലയിടങ്ങളിൽ കടകൾ തുറന്നിട്ടുണ്ട്. കോഴിക്കോട് മിഠായി ത്തെരുവ്, കൊച്ചിൻ ബ്രോഡ് വേ എന്നിവിടങ്ങളിൽ ഇന്നലെ കടകൾ തുറന്നെങ്കിലും കച്ചവടം നന്നേ കുറവായിരുന്നു. എന്നാൽ 2019 ഹർത്താൽ വിമുക്ത വർഷമായി ആചരിക്കുന്നതിന്റെ ഭാഗമായി ഇന്നും കടകൾ തുറന്ന് പ്രവർത്തിക്കുമെന്ന് വ്യാപാരി സംഘടനകൾ അറിയിച്ചിട്ടുണ്ട്.
ബാങ്കുകളുടെ പ്രവർത്തനവും സ്തംഭിച്ചു. കടയടപ്പിക്കാൻ ശ്രമിച്ചത് സംഘർഷത്തിന് വഴിവച്ച മലപ്പുറത്ത് ഇന്ന് കടകൾ തുറക്കുമെന്ന് വ്യാപാരികൾ അറിയിച്ചിട്ടുണ്ട്. കൊച്ചിയിൽ മെട്രോ സർവീസുകൾ തടസ്സപ്പെട്ടില്ല. ഓൺലൈൻ ടാക്‌സികളും സർവീസ് നടത്തി. ക്രമസമാധാന പ്രശ്നങ്ങൾ കണക്കിലെടുത്തും വ്യാപാരികൾക്കും വാഹനങ്ങൾക്കും സംരക്ഷണം നൽകാൻ പൊലീസ് പട്രോളിംഗും നിരീക്ഷണവും സംസ്ഥാനത്ത് ശക്തമാണ്. ഭരണസിരാകേന്ദ്രമായ തലസ്ഥാനത്ത് സെക്രട്ടേറിയറ്റുൾപ്പെടെ സർക്കാർ ഓഫീസുകളുടെ പ്രവർത്തനം പൂർണമായും തടസപ്പെട്ട നിലയിലാണ്.
ചാല, പാളയം തുടങ്ങി പ്രധാന കമ്പോളങ്ങളിലും തിരക്ക് നന്നേ കുറവാണ്. ഇന്നലത്തെ അപേക്ഷിച്ച് സ്വകാര്യ വാഹനങ്ങൾ ധാരാളമായി ഇന്ന് നിരത്തിലിറങ്ങിയിട്ടുണ്ട്. സംയുക്ത ട്രേഡ് യൂണിയൻ സമരസമിതി പ്രവർത്തകരുടെ പ്രതിഷേധം കണക്കിലെടുത്ത് സെക്രട്ടേറിയറ്റിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രി ശബരിമല യുവതീ പ്രവേശനത്തിൽ പ്രതിഷേധിച്ച് സത്യാഗ്രഹം നടത്തുന്ന ബി.ജെ.പിയുടെ സമരപ്പന്തലിന് നേരെ അർദ്ധരാത്രിയിൽ സി.ഐ.ടി.യു പ്രവർത്തകൻ കല്ലെറിഞ്ഞതിനെ തുടർന്ന് ഇവിടെയും കൂടുതൽ പൊലീസിനെ വിന്യസിച്ചു.
പണിമുടക്ക്: മലബാർ മേഖലയിൽ രണ്ടാംദിനവും പൂർണം
കണ്ണൂർ: സംയുക്ത ട്രേഡ് യൂണിയൻ നടത്തുന്ന ദ്വിദിന ദേശീയ പണിമുടക്കിന്റെ രണ്ടാം ദിവസവും മലബാർ മേഖലയിൽ ജനജീവിതം സ്തംഭിച്ചു. അതേസമയം സ്വകാര്യ വാഹനങ്ങൾ കൂടുതലായി ഇന്ന് നിരത്തിലിറങ്ങി. നഗരങ്ങളിൽ ചില വ്യാപാരികൾ കടകൾ തുറന്നു. ദേശീയപാതയിൽ ചരക്കു ലോറികളും ഇന്ന് അപൂർവമായി ഓടി. സർക്കാർ ഓഫീസുകളിൽ കാര്യമായ പ്രവർത്തനങ്ങളില്ല. വിദ്യാലയങ്ങൾ അടഞ്ഞുകിടക്കുകയാണ്. കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസുകളും ടാക്സി -ഓട്ടോറിക്ഷകളും സർവീസ് നടത്തുന്നില്ല. ട്രെയിൻ തടയൽ ഇന്നും ഉണ്ടായി.
കാസർകോട് ഇന്ന് രാവിലെ മുതൽ വനിതകളെ അണിനിരത്തിയാണ് സമരക്കാർ റോഡ് ഉപരോധവും പ്രകടനവും നടത്തിയത്. കാഞ്ഞങ്ങാട്, നീലേശ്വരം, ചെറുവത്തൂർ എന്നിവിടങ്ങളിൽ സമരത്തിൽ സ്ത്രീകൾ അണിനിരന്നു. മാവുങ്കാലിൽ ബി.ജെ.പി ശക്തികേന്ദ്രങ്ങളിൽ കടകൾ തുറന്നു. കണ്ണൂരിൽ ചില കടകൾ ഇന്ന് തുറന്നുവെങ്കിലും നഗരങ്ങൾ തിരക്കൊഴിഞ്ഞ് ഹർത്താൽ സമാനമായ കാഴ്ചയാണുള്ളത്. സമരക്കാർ പയ്യന്നൂരിലും കണ്ണൂരിലും തലശേരിയിലും ട്രെയിനുകൾ തടഞ്ഞു. ചെന്നൈ മെയിൽ ആണ് കണ്ണൂരിൽ തടഞ്ഞത്. സമരക്കാരെ പൊലീസ് നീക്കി. പയ്യന്നൂരിൽ ആർ.പി.എഫ് 160ഓളം പേർക്കെതിരെ കേസെടുത്തു. കോഴിക്കോട് നഗരത്തിൽ കടകൾ കൂടുതൽ തുറക്കുന്ന കാഴ്ചയാണ് ഇന്നുള്ളത്. ഇന്നലെ മിഠായി തെരുവിൽ കടകൾ തുറന്നിരുന്നു. എന്നാൽ ആളുകൾ തീരെ കുറവാണ്. മിഠായിത്തെരുവിൽ സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്.
ചങ്ങനാശേരിൽ ട്രെയിൻ തടഞ്ഞു
കോട്ടയം: പണിമുടക്ക് അനുകൂലികൾ ഇന്ന് രാവിലെ ചങ്ങനാശേരിയിൽ ട്രെയിൻ തടഞ്ഞു. 8.50ന് എത്തിയ വേണാട് എക്സ് പ്രസാണ് അൻപതോളം വരുന്ന സമരക്കാർ തടഞ്ഞത്. ചങ്ങനാശേരി ഡിവൈ.എസ്.പി എസ്.സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ പൊലീസ്, സ്റ്റേഷനിൽ നിലയുറപ്പിച്ചിരുന്നു. പത്തു മിനിറ്റിനുള്ളിൽ സമരക്കാരെ മാറ്റി ഒമ്പതു മണിയോടെ ട്രെയിൻ യാത്ര തുടർന്നു.