namo-again-challenge

ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ 'നമോ എഗൈൻ' ചലഞ്ചുമായി ബി.ജെപി. എം.പിമാരും മന്ത്രിമാരും രംഗത്തെത്തി. കഴിഞ്ഞ ദിവസം അനുരാഗ് ഠാക്കൂർ എം.പി നമോ എഗൈൻ എന്ന് ആലേഖനം ചെയ്‌ത ഹൂഡി ടി ഷർട്ട് ധരിച്ചാണ് പാർലമെന്റിലെത്തിയത്. സോഷ്യൽ മീഡിയയിൽ അനുരാഗ് ഠാക്കൂർ ടി ഷർട്ടിന്റെ ചിത്രം പോസ്റ്റ് ചെയ്‌തതോടെ ഹൂഡി ചാലഞ്ച് മറ്റ് ബി.ജെ.പി പ്രവർത്തകരും ഏറ്റെടുത്തു.

പ്രധാനമന്ത്രി നരേന്ദ്രമോദിയും ഠാക്കൂറിന്റെ ചിത്രം ട്വീറ്റ് ചെ‌യ്‌തു. 'ലുക്കിംഗ് ഗുഡ്' എന്നായിരുന്നു ട്വീറ്റിലൂടെ പ്രധാനമന്ത്രി ഇതിനെ വിശേഷിപ്പിച്ചത്. പിന്നാലെ കേന്ദ്ര സാമൂഹ്യനീതി മന്ത്രി തവർ ചന്ദ് ഗലോട്ട് ചലഞ്ച് ഏറ്റെടുത്തു. 'ഞാൻ ഇത് ധരിച്ചിട്ടുണ്ട്, നിങ്ങൾ ധരിക്കുകയാണെങ്കിൾ നമോ എഗൈൻ എന്ന പ്രതിജ്ഞയോടെ തന്നെ ഇത് ധരിക്കുക. നരേന്ദ്രമോദിയെ 2019 ലും പ്രധാനമന്ത്രിയാക്കുന്നതിന് നമുക്ക് പ്രതിജ്ഞയെടുക്കാം, ജയ് ഹിന്ദ്' എന്ന അടിക്കുറിപ്പോടെയായിരുന്നു തവർ ചന്ദിന്റെ ട്വീറ്റ്.

മദ്ധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ശിവ്‌രാജ് സിംഗ് ചൗഹാൻ, കേന്ദ്ര മന്ത്രിമാരായ രാജ്യവർദ്ധൻ സിംഗ് റാത്തോർ, നരേന്ദ്രസിംഗ് തോമർ, രാധാ മോഹൻ സിംഗ്, അർജുൻ റാം മേഘ് വാൾ തുടങ്ങിയവരെയടക്കം ടാഗ് ചെയ്‌ത്‌കൊണ്ടാണ് അദ്ദേഹം ട്വീറ്റ് ചെയ്‌തിരിക്കുന്നത്. 2014 ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടായിരുന്നു നരേന്ദ്രമോദിയെ പാർട്ടി പ്രവർത്തകർ 'നമോ' എന്ന് വിശേഷിപ്പിക്കാൻ തുടങ്ങിയത്.

മുമ്പ് പ്രധാനമന്ത്രിയുടെ 68-ാം ജന്മദിനത്തിൽ നമോ ബ്രാൻഡഡ് ഉൽപന്നങ്ങൾ നമോ ആപ്പ് വഴി രംഗത്തെത്തിച്ചിരുന്നു. നമോ ബ്രാൻഡിൽ ടീ ഷർട്ടുകളും തൊപ്പികൾ, നോട്ട് ബുക്കുകൾ, പേനകൾ തുടങ്ങിയവും പുറത്തിറക്കിയിരുന്നു. ഇവയെല്ലാം നരേന്ദ്രമോദി ആപ്പ് വഴി ഓൺലെെൻ വഴിയാണ് വിറ്റഴിക്കുന്നത്.