sbi-bank-attacked
തിരുവനന്തപുരം എസ്.ബി.ഐ ശാഖയിൽ സമരക്കാരുടെ ആക്രമണത്തിൽ തകർന്ന ബാങ്ക് മാനേജരുടെ മുറി, ചിത്രം അജയ് മധു

തിരുവനന്തപുരം: തിരുവനന്തപുരം സ്‌റ്റാച്യൂവിൽ സെക്രട്ടേറിയറ്റിന് സമീപമുള്ള എസ്.ബി.ഐ ട്രഷറി ബാങ്കിന് നേരെ പണിമുടക്ക് അനുകൂലികളുടെ ആക്രമണം. ബാങ്കിലേക്ക് ഇരച്ച് കയറിയ പതിനഞ്ചോളം സമരക്കാർ മാനേജരുടെ ക്യാബിനും ഓഫീസും അടിച്ച് തകർത്തു. കംപ്യൂട്ടറുകളും നശിപ്പിച്ചു. സംഭവത്തിൽ ബാങ്ക് മാനേജർ കന്റോൺമെന്റ് പൊലീസിൽ പരാതി നൽകി. സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാകും അന്വേഷണം നടത്തുകയെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു.

sbi-bank-attacked
സെക്രട്ടേറിയറ്റിന് സമീപത്തുള്ള എസ്.ബി.ഐ ശാഖയിൽ സമരാനുകൂലികൾ കടക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യം

സെക്രട്ടേറിയറ്റിന് മുന്നിൽ സംയുക്ത സമര സമിതിയുടെ സമരപ്പന്തലിന് സമീപത്തുള്ള ബാങ്കിന് നേരെയാണ് ഇന്ന് രാവിലെ ആക്രമണം ഉണ്ടായത്. ബാങ്കിന്റെ മുകൾ നിലയിലെത്തിയ സമരക്കാർ ജീവനക്കാരോട് പുറത്തിറങ്ങാനും ബാങ്ക് ഇന്ന് പ്രവർത്തിക്കാനാവില്ലെന്നും അറിയിച്ചു. ഇതനുസരിച്ച് ബാങ്ക് ജീവനക്കാർ പുറത്തിറങ്ങി. തുടർന്ന് ബാങ്ക് മാനേജരുടെ മുറിയിലെത്തിയ സമരക്കാർ ബാങ്കിന്റെ പ്രവർത്തനം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. തുടർന്ന് പ്രകോപിതരായ സമരക്കാർ മാനേജരെ കൈയ്യേറ്റം ചെയ്യുകയും മുറിയിലെ മേശയുടെ മുകളിലുണ്ടായിരുന്ന ചില്ലും കംപ്യൂട്ടറുകളും ഫോണും അടിച്ച് തകർക്കുകയുമായിരുന്നു. സംഭവത്തിന് ശേഷം സമരക്കാർ ബാങ്ക് വിട്ട് ഇറങ്ങിപ്പോയെന്നും ബാങ്ക് മാനേജർ പറയുന്നു.

sbi-bank-attacked
സെക്രട്ടേറിയറ്റിന് സമീപത്തുള്ള എസ്.ബി.ഐ ശാഖയിൽ സമരാനുകൂലികൾ കടക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യം

അതേസമയം, തിരുവനന്തപുരത്തെ പ്രധാന സമരകേന്ദ്രമായ സെക്രട്ടേറിയറ്റിന് മുന്നിൽ നടന്ന സംഭവം ഏറെ ഞെട്ടിക്കുന്നതാണ്. കഴിഞ്ഞ ദിവസം പണിമുടക്ക് നടന്നിരുന്നെങ്കിലും സമരക്കാർ യാതൊരു പ്രശ്‌നവും ഉന്നയിച്ചിരുന്നില്ല. ഇന്ന് എന്താണ് സമരക്കാരെ പ്രകോപിച്ചതെന്ന കാര്യം വ്യക്തമല്ല.

അക്രമികൾക്കെതിരെ ശക്തമായ നടപടി

അതേസമയം, അക്രമികൾക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് ഡി.സി.പി ചൈത്ര തെരേസ ജോൺ പ്രതികരിച്ചു. പ്രശ്‌നങ്ങളുണ്ടാകുമെന്ന് മുന്നറിയിപ്പുണ്ടായിരുന്ന പ്രദേശങ്ങളിൽ നേരത്തെ തന്നെ പൊലീസിനെ നിയോഗിച്ചിരുന്നു.എന്നാൽ ആക്രമണമുണ്ടായത് എങ്ങനെയാണെന്ന കാര്യം പരിശോധിച്ച ശേഷം പറയും. ബാങ്കിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് അക്രമികൾക്കെതിരെ ശക്തമായ നടപടിയുണ്ടാകും. ബാങ്ക് മാനേജരുടെ പരാതിയിൽ കേസെടുക്കുമെന്നും അവർ കൂട്ടിച്ചേർത്തു.