നാഗ്പൂർ: നാഗ്പൂരിലെ പൊലീസ് സ്റ്റേഷനിൽ വിചിത്രമായ പരാതിയാണ് കഴിഞ്ഞയാഴ്‌ച ലഭിച്ചത്. തന്റെ മോഷ്ടിക്കപ്പെട്ട ഹൃദയം തിരികെ കണ്ടെത്തി നൽകണമെന്നായിരുന്നു ഒരു യുവാവിന്റെ പരാതി. ഒരു പെൺകുട്ടി തന്റെ ഹൃദയം എടുത്തു കൊണ്ടു പോയിട്ടുണ്ടെന്നും അത് തിരികെ ലഭിക്കാൻ പൊലീസിന്റെ ഭാഗത്ത് നിന്ന് സഹായം ആവശ്യമുണ്ടെന്നുമാണ് പരാതിയിൽ പറയുന്നത്. പരാതിയെ തുടർന്ന് സ്റ്റേഷന്റെ ചുമതലയുള്ള ഉദ്യോഗസ്ഥൻ തന്റെ ഉന്നത ഉദ്യോഗസ്ഥരോട് ഇക്കാര്യത്തിൽ അഭിപ്രായം തേടി. മോഷണത്തെ കുറിച്ച് പരാതി നൽകാറുണ്ടെങ്കിലും ആദ്യമായാണ് ഇങ്ങനെയൊരു പരാതിയെന്ന് പൊലീസുകാർ പറഞ്ഞു.
ഏതെങ്കിലും വസ്‌തുവാണ് മോഷണം പോയതെങ്കിൽ പരാതി സ്വീകരിക്കാനും കേസ് രജിസ്റ്റർ ചെയ്യാനും അന്വേഷണം നടത്താനും ഇന്ത്യൻ നിയമത്തിൽ വകുപ്പുകളുണ്ടെന്നും എന്നാൽ, ഹൃദയമോഷണത്തെ കുറിച്ചന്വേഷണം നടത്താൻ നിർവാഹമില്ലെന്നും പൊലീസുദ്യോഗസ്ഥർ യുവാവിനെ അറിയിച്ചു.
കഴിഞ്ഞയാഴ്‌ച നാഗ്പുർ പൊലീസ് സ്‌റ്റേഷനിൽ സംഘടിപ്പിച്ച പരിപാടിയിൽ പൊലീസ് കണ്ടെടുത്ത 82 ലക്ഷം രൂപയുടെ മോഷണവസ്‌തുക്കൾ ഉടമകൾക്ക് തിരികെ നൽകുന്നതിനിടെയാണ് നാഗ്പുർ പൊലീസ് കമ്മീഷണർ ഭൂഷൺ കുമാർ ഉപാധ്യായ് യുവാവിന്റെ ഹൃദയ മോഷണകഥ പങ്കുവച്ചത്.