തിരുവനന്തപുരം: സംസ്ഥാനത്ത് ശബരിമല വിഷയം കത്തിനിൽക്കുമ്പോൾ പടിവാതിലിൽ എത്തി നിൽക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങൾ രാഷ്ട്രീയ പാർട്ടികൾ തുടങ്ങിക്കഴിഞ്ഞു. ശബരിമല വിഷയം തിരഞ്ഞെടുപ്പിലെ പ്രധാന വിഷയമായി ഉയർന്നുവരുമ്പോൾ അത് എങ്ങനെ തങ്ങൾക്ക് അനുകൂലമാക്കി മാറ്റാമെന്ന തന്ത്രങ്ങൾ ഇടത്, വലത് മുന്നണികളും ബി.ജെ.പിയും ആവിഷ്കരിക്കും. ഓരോ മണ്ഡലത്തിലും മികച്ച സ്ഥാനാർത്ഥികളെ കണ്ടെത്താനുള്ള അണിയറ നീക്കങ്ങളും മുന്നണികൾ സജീവമാക്കി.
ഇടതു നോട്ടം ന്യൂനപക്ഷ, പിന്നാക്ക വോട്ടുകളിൽ
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് കേരളമാണ് തുറുപ്പുചീട്ട്. പശ്ചിമബംഗാളിലും ത്രിപുരയിലും വലിയ പ്രതീക്ഷയില്ല. അതിനാൽ, കേരളത്തിൽ നിന്ന് പരമാവധി സീറ്റുകളാണ് ഇടതുമുന്നണി ലക്ഷ്യമിടുന്നത്. നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കുക എന്ന ലക്ഷ്യവുമായി സംഘടിപ്പിച്ച വനിതാ മതിലും ശബരിമലയിൽ യുവതീ പ്രവേശന വിഷയത്തിൽ സ്വീകരിച്ച നിലപാടും ഉയർത്തികാട്ടിയാകും ഇടതുമുന്നണി തിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നത്. യു.ഡി.എഫിനെ നേരിടുക എന്നതിനൊപ്പം ശബരിമല വിഷയത്തിൽ പ്രത്യക്ഷ സമരരംഗത്തുള്ള ബി.ജെ.പിയെയും തളയ്ക്കുക എന്ന തന്ത്രമാകും തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി സ്വീകരിക്കുക.
ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിലേതുപോലെ ക്രിസ്ത്യൻ, ന്യൂനപക്ഷ വോട്ട് സമാഹരിക്കാൻ ഇടതുപക്ഷം കാര്യമായ ശ്രമം നടത്തും. ഭൂരിപക്ഷ സമുദായത്തിലെ വോട്ടുകൾ ചോരാതെ പരമാവധി സമാഹരിക്കാനുള്ള ശ്രമവും നടത്തും. മുസ്ലീം മതവിഭാഗത്തിൽപെട്ട സ്വതന്ത്രരെ രംഗത്തിറക്കി നിയമസഭാ തിരഞ്ഞെടുപ്പിൽ കാര്യമായി ന്യൂനപക്ഷ വോട്ട് നേടാൻ സി.പി.എമ്മിനും ഇടതുപക്ഷത്തിനും കഴിഞ്ഞിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിലും ചില സീറ്റുകളിൽ ആ തന്ത്രം പ്രയോഗിച്ചേക്കാം.
ശബരിമല വിഷയത്തിൽ ബി.ജെ.പിക്ക് നേട്ടമുണ്ടാക്കി കൊടുക്കാനുള്ള നീക്കമാണ് ഇടതുമുന്നണി നടത്തുന്നതെന്നാണ് യു.ഡി.എഫിന്റെ ആക്ഷേപം. അതേസമയം, കോൺഗ്രസിന്റെ മുന്നാക്ക ഹിന്ദു വോട്ടുകളിൽ അല്പം ബി.ജെ.പി പിടിച്ചെടുത്താൽ അത് തങ്ങളെ സഹായിക്കുമെന്നാണ് ഇടതുമുന്നണി കണക്കുകൂട്ടുന്നത്. അതോടൊപ്പം കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിയിൽ നിന്നകന്ന പിന്നാക്ക- പട്ടിക ജാതി വോട്ടുകൾ തിരിച്ചുപിടിക്കാനും കാര്യമായ ശ്രമം നടത്തും.
ഇടതുമുന്നണി വിപുലീകരണവും സർക്കാരിന്റെ ഭരണനേട്ടങ്ങളും തിരഞ്ഞെടുപ്പിൽ അനുകൂല നേട്ടമുണ്ടാക്കുമെന്ന കണക്കുകൂട്ടലും ഇടതുപക്ഷ നേതാക്കൾക്കുണ്ട്. പലപ്പോഴും കൈവിട്ടു പോകുന്ന സീറ്റുകൾ പ്രബലരായ ചില സ്ഥാനാർത്ഥികളെ നിറുത്തി തിരിച്ചുപിടിക്കാനുള്ള ശ്രമവും ഇടതുമുന്നണിയുടെ ഭാഗത്തുനിന്ന് ഉണ്ടായേക്കാം.