കൊച്ചി: 'സുഖമില്ലാത്ത ആ അമ്മയെ ലഹരിക്കടിമയായ അയാൾ തല്ലുന്നത് കണ്ടുനിൽക്കാൻ കഴിഞ്ഞില്ല. തടയാൻ ശ്രമിച്ചപ്പോൾ എനിക്ക് നേരെയായി ആക്രമണം. തുടർന്ന് നടന്ന പിടിവലിക്കിടയിൽ അവന് കുത്തേൽക്കുകയായിരുന്നു'. പാലാരിവട്ടത്ത് അമ്മയെ ആക്രമിച്ച മകനെ കുത്തികൊലപ്പെടുത്തിയ പ്രതി ലോറൻസിന്റെ വാക്കുകളാണിത്.
സ്വയരക്ഷയ്‌ക്കാണ് തനിക്ക് കൊലപാതകം നടത്തേണ്ടിവന്നതെന്ന് പ്രതി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. സംഭവത്തിന് ശേഷം ലോറൻസ് തന്നെയാണ് വിവരം പൊലീസിനെ വിളിച്ചു പറഞ്ഞത്. ഉടൻതന്നെ തോബിയാസിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ധാരാളം രക്തം വാർന്നു പോയതിനാൽ രക്ഷിക്കാനായില്ല. നാല് മുറിവുകൾ തുന്നിച്ചേർത്തു. അഞ്ചാമത്തെ മുറിവ് തുന്നിച്ചേർക്കുന്നതിന് മുമ്പ് മരണം സംഭവിക്കുകയായിരുന്നു.
ലഹരിയിൽ പലപ്പോഴും ഇയാൾ വീട്ടുകാരുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ടിരുന്നു. കൃത്യം നടന്ന ദിവസവും ഇത്തരത്തിൽ വാക്കുതർക്കമുണ്ടാകുകയും ഇത് കത്തിക്കുത്തിൽ കലാശിച്ചെന്നുമാണ് പൊലീസ് നിഗമനം. അർദ്ധരാത്രിയിൽ അമ്മയെ മർദ്ധിക്കാനുള്ള മകന്റെ ശ്രമം തടഞ്ഞതിനെ തുടർന്നുണ്ടായ പിടിവലിയ്‌ക്കിടെയാണ് തോബിയാസിന് കുത്തേറ്റത്. ലഹരിയിൽ രോഗിയായ അമ്മയെ ആക്രമിക്കുകയും വീട്ടിൽ കലഹമുണ്ടാക്കുകയും പതിവായിരുന്നു.