urinary-stones

പുരുഷന്മാർക്ക് സ്ത്രീകളെ അപേക്ഷിച്ച് മൂത്രക്കല്ല് ഉണ്ടാകാനുള്ള സാദ്ധ്യത നാലിരട്ടിയാണ്. സ്ത്രീകൾക്ക് മൂത്രത്തിൽ സിട്രേറ്റിന്റെ അളവ് കൂടിയിരിക്കുന്നത് കൊണ്ടാണ് മൂത്രക്കല്ല് സ്ത്രീകളിൽ പുരുഷന്മാരെക്കാൾ കുറഞ്ഞിരിക്കുന്നത്. യുറിക് ആസിഡ്, കാൽസ്യം കല്ലുകൾ പുരുഷന്മാരിലും മൂത്രരോഗാണുബാധ മൂലമുള്ള കല്ലുകൾ സ്ത്രീകളിലും കൂടുതലായി കാണുന്നു. വികസിത രാജ്യങ്ങളിൽ വൃക്കയിലെ കല്ലുകൾ കൂടുതലായി കാണുന്നതിന് കാരണം ഉയർന്ന ജീവിത സാഹചര്യങ്ങളും ധാരാളമായുള്ള പ്രോട്ടീൻ ഭക്ഷണവുമാണ്.

അവികസിത രാജ്യങ്ങളിൽ മൂത്രസഞ്ചിയിലുണ്ടാകുന്ന കല്ലുകൾ കൂടുതലായി കാണുന്നു. കാൽസ്യം ഓക്സലേറ്റും യൂറിക് ആസിഡ് കല്ലുകളും ഏതാണ്ട് 70- 80 ശതമാനം വരും. ജനിതകമായ കാരണങ്ങൾ, മാംസാഹാരം, ചൂട് കൂടുതലായ പ്രദേശങ്ങൾ, പർവത പ്രദേശങ്ങൾ മുതലായ സാഹചര്യങ്ങളിൽ മൂത്രക്കല്ലുകൾ കൂടുതലായി ഉണ്ടാകുന്നു. ചില പ്രത്യേക സാഹചര്യങ്ങളിൽ മൂത്രക്കല്ലുകൾക്ക് സർജിക്കൽ ചികിത്സ വേണ്ടിവരും. തുടർച്ചയായി നിൽക്കുന്ന വേദന, വലിപ്പം കൊണ്ട് (6- 8mm വലിപ്പം ) കല്ലുകൾ തന്നെ വെളിയിൽ പോകാത്ത അവസ്ഥ, വൃക്കയിൽ പൊട്ടൽ ഉണ്ടായി മൂത്രം വെളിയിലേക്ക് വരുന്ന സാഹചര്യം, വലിപ്പമുള്ള കല്ലുകൾ കൊണ്ട് ഉണ്ടാകുന്ന മൂത്രതടസം, ഒരു വൃക്ക മാത്രമുള്ള രോഗികൾ, മരുന്നുകൾ കൊണ്ട് എത്ര വലിപ്പം കുറഞ്ഞാലും കല്ലുകൾ വെളിയിൽ പോകാത്ത സാഹചര്യം, കല്ലുകൾ ഉണ്ടാക്കുന്ന തടസത്തോടൊപ്പം മൂത്രരോഗാണുബാധയും ഉള്ള അവസ്ഥ, ഗർഭിണികളിൽ മൂത്രക്കല്ലുകൾ ഉണ്ടാകുന്നത് ഈ സാഹചര്യങ്ങളിൽ സർജിക്കൽ ചികിത്സ വേണ്ടിവരും. (തുടരും)


ഡോ. എൻ. ഗോപകുമാർ
കൺസൾട്ടന്റ് യൂറോളജിസ്റ്റ്
'യൂറോ കെയർ'
ഓൾഡ് പോസ്റ്റോഫീസ് ലെയ്ൻ,
ചെമ്പകശേരി ജംഗ്ഷൻ,
പടിഞ്ഞാറേ കോട്ട,
തിരുവനന്തപുരം
ഫോൺ: 94470 57297