kodiyeri-balakrishanan

തിരുവനന്തപുരം: ഹർത്താലുകളുടെയും പണിമുടക്കുകളുടെയും മറവിൽ നടക്കുന്ന അക്രമ സംഭവങ്ങളെ തള്ളിപ്പറഞ്ഞ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ രംഗത്തെത്തി. എത്രത്തോളം അക്രമമുണ്ടായെന്ന് നോക്കിയല്ല സമരങ്ങളുടെ വിജയം തീരുമാനിക്കേണ്ടതെന്നും മറിച്ച് എത്രത്തോളം ജനപിന്തുണയുണ്ടായെന്നാണ് നോക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. നമുക്ക് എതിരായി നിൽക്കുന്ന ആളുകളെ കൂടി മാറി ചിന്തിപ്പിക്കുന്ന രീതിയിലായിരിക്കണം സമരമെന്നും സംയുക്ത ട്രേഡ് യൂണിയൻ സമിതി തിരുവനന്തപുരത്ത് സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിച്ച കോടിയേരി വ്യക്തമാക്കി.

അതേസമയം ഒറ്റപ്പെട്ട ചില അക്രമങ്ങൾ ഒഴിച്ച് നിറുത്തിയാൽ പണിമുടക്ക് പൂർണ വിജയത്തിലേക്കാണ് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് മാസം മുമ്പ് പ്രഖ്യാപിച്ചതാണ് ട്രേഡ് യൂണിയനുകളുടെ പണിമുടക്ക്. തൊട്ടതിനും പിടിച്ചതിനും ഹർത്താൽ നടത്തി സമരങ്ങളെ ദുർബലമാക്കുന്ന ഒരു പ്രവണതയുണ്ട്. വൻ ജനരോക്ഷമാണ് ഇതിലൂടെ പാർട്ടികൾക്ക് സംഭവിക്കുന്നത്. ഇപ്പോൾ നടക്കുന്ന പണിമുടക്കിൽ മഹാഭൂരിപക്ഷം കടകളും സ്വമേധയാ അടച്ച് ആളുകൾ നമ്മുടെ സമരത്തോടൊപ്പം ചേർന്നിട്ടുണ്ട്. ഒരു സംഘടനയുടെ പ്രകടനത്തിൽ ആരെങ്കിലും ഒരാൾ പിന്നിൽ നിന്ന് കല്ലെറിഞ്ഞാൽ പ്രകടനത്തിന്റെ ഉദ്ദേശം ആ ഒറ്റക്കാരണത്താൽ അപ്രസക്തമാകും. ആ സംഘടന അറിഞ്ഞിട്ടാവില്ല ഒരു പക്ഷേ ആ അക്രമം. കല്ലെറിയുന്നവരും സമരക്കാരും തമ്മിൽ യാതൊരു ബന്ധവുമുണ്ടാകില്ല. സമരത്തിന്റെ ഉദ്ദേശം ജനങ്ങളിലേക്ക് എത്തിക്കണമെങ്കിൽ സമാധാനപരമായിരിക്കണം. നമ്മൾ രാഷ്ട്രീയ പാർട്ടികൾ തന്നെ ഇതിന് മുൻകൈ എടുക്കണമെന്നും കോടിയേരി പറഞ്ഞു.