digvijay-singh

ഭോപ്പാൽ: ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് പുതിയ തന്ത്രങ്ങൾ മെനയുകയാണ് ബി.ജെ.പി. മധ്യപ്രദേശിൽ കമൽനാഥ് സർക്കാരിനെ മറിച്ചിടാനാണ് ബി.ജെ.പിയുടെ ശ്രമം. മധ്യപ്രദേശിലെ കോൺഗ്രസ് എം.എൽ.എയ്‌ക്ക് ബി.ജെ.പി 100 കോടി വാഗ്‌ദാനം ചെയ്‌തെന്ന് മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ദിഗ്‌വിജയ് സിംഗ് വെളിപ്പെടുത്തി. ബി.ജെ.പി എം.എൽ.എ നാരായൺ ത്രിപാദിയ്‌ക്കെതിരെയാണ് ദിഗ്‌വിജയ് സിംഗ് ആരോപണമുന്നയിച്ചത്.

‘ബി.ജെ.പി എം.എൽ.എ നാരായൺ ത്രിപാദി, മോറെന ജില്ലയിലെ സബൽഗഢ് എം.എൽ.എയായ ബൈജ്‌നാഥ് കുശ്വാഹയെ ബന്ധപ്പെട്ടിരുന്നു. അദ്ദേഹത്തെ ഒരു ഭക്ഷണശാലയിലേയ്‌ക്ക് നാരായൺ കൂട്ടിക്കൊണ്ടുപോയി. മുൻ മന്ത്രിമാരായ നരോട്ടാം മിശ്രയും വിശ്വാസ് സാരംഗും കുശ്വാഹയുമായി കൂടിക്കാഴ്‌ച നടത്തി. അവർ സർക്കാരിനെ മറിച്ചിടാൻ കുശ്വാഹയ്‌ക്ക് 100 കോടി രൂപ വാഗ്‌ദാനം ചെയ്‌തു. ബി.ജെ.പി സർക്കാർ രൂപീകരിക്കുകയാണെങ്കിൽ മന്ത്രിസ്ഥാനവും അവർ കുശ്വാഹയ്‌ക്ക് വാഗ്‌ദാനം ചെയ്‌തു.’

അതേസമയം, ആരോപണത്തെ തള്ളി ബി.ജെ.പി നേതാക്കൾ രംഗത്തെത്തി. തനിക്കെതിരെ ദിഗ്‌വിജയ് സിംഗ് ഉന്നയിച്ച ആരോപണങ്ങൾ തെളിയിക്കണമെന്ന് നരോട്ടാം മിശ്ര പറഞ്ഞു. അല്ലാത്തപക്ഷം നിയമനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അനാവശ്യവിവാദങ്ങൾ സൃഷ്‌ടിക്കുകയാണ് ദിഗ്‌വിജയ് സിംഗിന്റെ ലക്ഷ്യമെന്ന് പ്രതിപക്ഷനേതാവ് ഗോപാൽ ഭാർഗവ പറഞ്ഞു. ആരോപണത്തെ ഗൗരവമായി കാണുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.