പഴവങ്ങാടി ചന്ദ്രൻ തന്റെ അനുചരരോടു പറയുന്നതു കേട്ടു.
''നിങ്ങൾ നാലുപേർ പോകണം. രണ്ടുപേർ മാത്രം അവർക്കു മുന്നിൽ എത്തിയാൽ മതി. മറ്റ് രണ്ടുപേർ ഒരകലമിട്ടു നിൽക്കുക... അവരുടെ കൂടെ മറ്റാരെങ്കിലും ഉണ്ടോയെന്ന് അറിയില്ലല്ലോ.. അങ്ങനെ ഉണ്ടെന്നു സംശയം തോന്നിയാൽ ഉടനെ എന്നെ അറിയിക്കണം.'
''ശരി.'
നാലുപേർ കോച്ചിനു പുറത്തേക്കു ചാടി. മെറ്റലുകളിൽ അവരുടെ ഷൂസ് പതിയുന്ന ശബ്ദം കേട്ടപ്പോൾ വിക്രമൻ ഒന്നു ഞെട്ടി.
ചന്ദ്രൻ വാതിൽക്കലേക്കു വന്ന് ഒരിക്കൽക്കൂടി മുന്നറിയിപ്പു നൽകി:
''നിങ്ങൾ വിചാരിക്കുന്നതിനേക്കാൾ മിടുക്കന്മാരാണ് അവരെന്ന വിചാരം എപ്പോഴും ഉണ്ടാവണം. ഇങ്ങോട്ട്, ആക്രമിക്കാനോ മറ്റോ ശ്രമിച്ചാൽ തീർത്തേര്.'
''ഓ.'
അവർ, മൂസയും വിക്രമനും ഇരിക്കുന്നതിന്റെ തൊട്ടടുത്തുകൂടി നടന്നുപോയി.
പാളങ്ങൾ മുറിച്ചു കടന്ന് അവർ പ്ലാറ്റ് ഫോമിന് അകലെ മരക്കൂട്ടത്തിനരുകിൽ എത്തുന്നതുവരെ കാത്തിരുന്നു മൂസയും വിക്രമനും.
ശേഷം മൂസ നിർദ്ദേശിച്ചു:
''ഞാൻ ഈ ഭാഗത്തുകൂടി അകത്തു കയറാൻ പോകുന്നു. ആ നേരത്ത് നീ രണ്ടാമത്തെ വാതിൽ വഴി അകത്തെത്തണം. സാദിഖിനെ മോചിപ്പിക്കണം.'
വിക്രമൻ, ബോഗിക്കടിയിലൂടെ രണ്ടാമത്തെ വാതിൽക്കലേക്കു നീങ്ങി. അയാൾ അവിടെ ചെന്നുവെന്നു കണ്ടതും മൂസ ആദ്യത്തെ വാതിലിനു തൊട്ടുതാഴെയെത്തി.
''ആരാടാ പെണ്ണുങ്ങളേം കൊണ്ട് ബോഗിക്കുള്ളിൽ?'
അയാൾ ശബ്ദമുയർത്തി.
റെയിൽവേ പോലീസ് ആകുമെന്നു കരുതി ചന്ദ്രൻ വാതിൽക്കലേക്കു കുതിച്ചെത്തി. ആ ക്ഷണം സ്പാനർ മൂസ ഒരു റോക്കറ്റു പോലെ കുതിച്ചുയർന്നു.
ചന്ദ്രനു കാര്യം മനസ്സിലാകും മുമ്പ് മൂസ വലിയ സ്പാനർ വലിച്ചെടുത്തതും ഒറ്റയടി.
ചന്ദ്രന്റെ വലത്തെ കാൽമുട്ടിൽ... ചിരട്ട പൊട്ടുന്നതുപോലെ ഒരു ശബ്ദം.
''ആ.. ' ചന്ദ്രന്റെ അലർച്ച കന്യാകുമാരി റൂട്ടിലേക്കു നീങ്ങിത്തുടങ്ങിയ ഒരു ട്രെയിനിന്റെ ശബ്ദത്തിൽ ലയിച്ചു ചേർന്നു.
ആ ക്ഷണം മൂസ, ചന്ദ്രന്റെ ഇടതു കാൽമുട്ടും അടിച്ചു തകർത്തു. ബോഗിയിലെ പിടിവിട്ട് ചന്ദ്രൻ തറയിൽ, മെറ്റലുകൾക്കു മുകളിലേക്കു കമിഴ്ന്നു മറിഞ്ഞു.
ചന്ദ്രന്റെയൊപ്പം ട്രെയിനിന്റെ ബോഗിയിൽ ബാക്കിയുണ്ടായിരുന്ന മൂന്നുപേരും പതറിപ്പോയി. അതിനുള്ളിലേക്ക് കാട്ടുപന്നിയുടെ വേഗത്തിൽ ചാടിക്കയറി.
അപകട ഭീതിയൊന്നും ഇല്ലാതിരുന്നതിനാൽ ശത്രുക്കൾക്ക് ആയുധം എടുക്കാനുള്ള നേരം കിട്ടിയില്ല.
അവരും കരുതിയത് പുറത്ത് പോലീസ് ആണെന്നാണ്.
ഒരുത്തൻ മൂസയെ തള്ളിമാറ്റി പുറത്തേക്കു ചാടി പാഞ്ഞു.
രണ്ടാമന്റെ തലപിടിച്ച് മൂസ ഉരുക്കുപാളിയിൽ ഒറ്റയിടി. അയാൾ നിലവിളിക്കാനുള്ള സമയം പോലും കിട്ടാതെ അതിനുള്ളിൽ വീണു.
മൂന്നാമൻ പെട്ടെന്ന് പ്രത്യാക്രമണത്തിന് ഒരുങ്ങി. പക്ഷേ സ്പാനർ ചീറിയെത്തി.
അയാളുടെ നെറ്റിക്കു മുകളിൽ ശിരസ്സു പിളർന്നതുപോലെ ചോര ചീറ്റി...
വിക്രമൻ, ഇതിനകം സാദിഖിന്റെ പുറത്തുനിന്ന് സിമന്റുകട്ട മാറ്റിയിരുന്നു.
പക്ഷേ സാദിഖിന് എഴുന്നേൽക്കാൻ പ്രയാസമായിരുന്നു...
മൂസയും കൂടി ചേർന്ന് അയാളെ വലിച്ചു പൊക്കി പുറത്തിറക്കി.
എഴുന്നേൽക്കാൻ കഴിയാതെ ചന്ദ്രൻ തറയിലൂടെ അകലേക്ക് ഇഴയാൻ ശ്രമിക്കുകയായിരുന്നു. സാദിഖിനെ ഉയർത്തി തോളിലിട്ടുകൊണ്ട് മൂസ അയാളുടെ പിറകെ ചെന്നു. പിന്നെ സ്പാനർ ഉയർത്തി കഴുത്തിൽ ഒറ്റയടി.
കഴുത്തൊടിഞ്ഞതു പോലെ ചന്ദ്രൻ വീണു.
''വിക്രമാ... ഇവനെക്കൂടി വലിച്ചു പിടിച്ചോ. ഇവനെ നമുക്ക് ജീവനോടെ വേണം....'
പറഞ്ഞിട്ട് മൂസ, രാഹുലിന് കാൾ അയച്ചു. തുടർന്ന് സ്പാനർ ഇടുപ്പിൽ തിരുകിയിട്ട് കുനിഞ്ഞ് ചന്ദ്രന്റെ ഒരു കയ്യിൽ പിടിച്ചു. അടുത്ത കയ്യിൽ വിക്രമനും....
ഇരുവരും ചേർന്ന് അയാളെ വലിച്ചുകൊണ്ടുപോയി...
അടുത്ത ദിവസം.
കോഴഞ്ചേരി.
ആശുപത്രിയിൽ നിന്ന് മാലിനിയെ വീട്ടിൽ കൊണ്ടുവന്നു.
അനൂപിന്റെ മൃതദേഹം മോർച്ചറിയിൽ വച്ചിരിക്കുകയാണ്. കാരണം പിങ്ക് പൊലീസ് എസ്.ഐ വിജയ എവിടെയാണെന്ന് പൊലീസിനു കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല...! (തുടരും)