തിരുവനന്തപുരം: പണിമുടക്കിന്റെ മറവിൽ തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നിലുള്ള എസ്.ബി.ഐ ട്രഷറി ബാങ്കിൽ ആക്രമണം നടത്തിയത് ഇടത് തൊഴിലാളി സംഘടനയിലെ നേതാക്കളെന്ന് സി.സി.ടി.വി ദൃശ്യങ്ങൾ. എൻജിഒ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗവും ജി.എസ്.ടി വകുപ്പ് കരമന കമ്മീഷണർ ഓഫീസ് ഇൻസ്‌പെക്ടർ സുരേഷ് ബാബു, ജി.എസ്.ടി ഡെപ്യൂട്ടി കമ്മീഷണർ ഓഫീസ് ഇൻസ്‌പെക്ടർ സുരേഷ് എന്നിവർ ഉൾപ്പെട്ട സംഘം ബാങ്കിലേക്ക് കയറുന്നത് സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. അക്രമം നടത്തിയവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത കന്റോൺമെന്റ് പൊലീസ് പ്രതികളെ ഉടൻ പിടികൂടുമെന്നും അറിയിച്ചു. അക്രമത്തെ സംയുക്ത സമര സമിതി നേതാക്കളും അപലപിച്ചിട്ടുണ്ട്.
ഇന്ന് രാവിലെ 10.30ഓടെയാണ് സെക്രട്ടേറിയറ്റിന് മുന്നിലെ സംയുക്ത സമരസമിതിയുടെ സമരപ്പന്തലിനോട് ചേർന്ന ബാങ്കിൽ അതിക്രമിച്ച് കയറിയ സമരാനുകൂലികൾ ബാങ്ക് മാനേജരുടെ ഓഫീസ് അടിച്ച് തകർക്കുകയും കംപ്യൂട്ടറുകൾ നശിപ്പിക്കുകയും ചെയ്‌തത്. ബാങ്കിന്റെ മുകൾ നിലയിലെത്തിയ സമരക്കാർ ജീവനക്കാരോട് പുറത്തിറങ്ങാനും ബാങ്ക് ഇന്ന് പ്രവർത്തിക്കാനാവില്ലെന്നും അറിയിച്ചു. ഇതനുസരിച്ച് ബാങ്ക് ജീവനക്കാർ പുറത്തിറങ്ങി. തുടർന്ന് ബാങ്ക് മാനേജരുടെ മുറിയിലെത്തിയ സമരക്കാർ ബാങ്കിന്റെ പ്രവർത്തനം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. ഇതിന് പിന്നാലെ പ്രകോപിതരായ സമരക്കാർ മാനേജരെ കൈയ്യേറ്റം ചെയ്യുകയും മുറിയിലെ മേശയുടെ മുകളിലുണ്ടായിരുന്ന ചില്ലും കംപ്യൂട്ടറുകളും ഫോണും അടിച്ച് തകർക്കുകയുമായിരുന്നു. സംഭവത്തിന് ശേഷം സമരക്കാർ ബാങ്ക് വിട്ട് ഇറങ്ങിപ്പോയെന്നും ബാങ്ക് മാനേജർ പറയുന്നു. ഡി.സി.പി ചൈത്രാ തെരേസ ജോണിന്റെ നേതൃത്വത്തിലെത്തിയ പൊലീസ് സംഘം സ്ഥലത്ത് പരിശോധന നടത്തി.