സന്നിധാനം: യുവതീ പ്രവേശനത്തിനുള്ള തയ്യാറെടുപ്പുകൾ സംഘപരിവാറിന് ചോർത്തിയെന്ന സംശയത്തെ തുടർന്ന് ശബരിമല ഡ്യൂട്ടി ഏറ്റവും വിശ്വസ്തരായ ഓഫീസർമാർക്കും പൊലീസുകാർക്കും മാത്രമായി ചുരുക്കിയതായി വിവരം. നിരവധി ശ്രമങ്ങൾ പൊളിഞ്ഞ ശേഷം പുതുവർഷ പിറ്റേന്ന് യുവതികളെ കയറ്റാൻ വ്യക്തമായ ആസൂത്രണം നടത്തിയ വേളയിൽ തന്നെ വിശ്വസ്തർ ചുമതല ഏറ്റെടുത്തിരുന്നു. ഇത് മകരവിളക്ക് വരെ തുടരും.
യുവതികൾ പ്രവേശനത്തിന് ശ്രമിച്ചാൽ മകരവിളക്ക് കാലത്ത് സംഘപരിവാർ സന്നിധാനത്ത് അസാധാരണ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചേക്കുമെന്ന സംശയങ്ങളെ തുടർന്ന് പൊലീസ് സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. സംഘപരിവാറിനായി വിവരങ്ങൾ ചോർത്തിയിരുന്ന പൊലീസിലെ ചിലരിലും ദേവസ്വം ജീവനക്കാരിലും ആശയക്കുഴപ്പം സൃഷ്ടിക്കാൻ യുവതീ പ്രവേശനത്തിനായി തിരഞ്ഞെടുത്ത ദിവസം പൊലീസ് തന്നെ ചില തെറ്റായ പദ്ധതികൾ ഇക്കൂട്ടരുടെ ചെവിയിൽ എത്തിച്ചിരുന്നതായും വിവരമുണ്ട്.
അതേസമയം, ഇനി യുവതികൾ എത്തുന്നതിനെ കുറിച്ചുള്ള വിവരങ്ങൾ കൃത്യമായി ശേഖരിക്കാനും തടയാനും സംഘപരിവാറും സ്വന്തം നിലയിൽ രഹസ്യ വിവര ശേഖരണം ആരംഭിച്ചതായും സൂചനയുണ്ട്.