australia

മെൽബൺ: ആസ്ട്രേലിയയിലെ മെൽബണിലുള്ള ഇന്ത്യൻ കോൺസുലേറ്റിൽ സംശയാസ്‌പദമായ രീതിയിൽ പൊതിക്കെട്ട് കണ്ടെത്തി. മറ്റുപല നയതന്ത്ര സ്ഥാപനങ്ങൾക്കു മുൻപിലും സമാനമായ അജ്ഞാത പൊതികൾ കണ്ടെത്തിയതോടെ സംഭവത്തിൽ അധികൃതർ അന്വേഷണം ആരംഭിച്ചു. പത്തോളം വിദേശ ആസ്ഥാനങ്ങളുടെ പരിസരത്താണ് പൊതികൾ കണ്ടെത്തിയത്.

സെന്റ് കിൽഡ റോഡിലെ യു.എസ്, ഇന്ത്യൻ കോൺസുലേറ്റുകളിൽ അഗ്നിരക്ഷാ സേന, സുരക്ഷാ ഉദ്യോഗസ്ഥർ എന്നിവർ സ്ഥലത്ത് എത്തിച്ചേർന്നിട്ടുണ്ട്. അഗ്നിരക്ഷാ സേനയും ആംബുലൻസുകളും അടിയന്തര സേവനത്തിന് സജ്ജമാക്കിയിട്ടുണ്ട്. ഇന്ത്യൻ, യു.എസ് കോൺസുലേറ്റുകൾ സ്ഥിതി ചെയ്യുന്ന സെന്റ് കിൽഡ റോഡിലും അന്വേഷണ ഉദ്യോഗസ്ഥർ എത്തിയിട്ടുണ്ട്. ഔദ്യോഗിക എമർജൻസി വെബ്‌സൈറ്റിലൂടെ ജാഗ്രതാ നിർദേശവും നൽകിയിട്ടുണ്ട്.

യു.കെ, കൊറിയ, ജർമനി, ഇറ്റലി, സ്വിറ്റ്സർലൻഡ്, പാക്കിസ്ഥാൻ, ഗ്രീസ് എന്നീ രാഷ്ട്രങ്ങളുടെ കോൺസുലേറ്റുകളിലാണ് അജ്ഞാത പൊതിക്കെട്ടുകളെത്തിയതെന്നാണ് വിവരം. എംബസികളിലും കോൺസുലേറ്റുകളിലും എത്തിയ പൊതികൾ പരിശോധിച്ചു വരികയാണെന്ന് ആസ്ട്രേലിയൻ ഫെഡറൽ പൊലീസ് അറിയിച്ചു. സുരക്ഷാ മുൻകരുതലുകളെല്ലാം സ്വീകരിച്ച ശേഷമാണ് ഉദ്യോഗസ്ഥർ കെട്ടിടങ്ങൾക്കകത്തു പ്രവേശിക്കുന്നത്.