തിരുവനന്തപുരം: ഇന്നലെ ലോക്‌സഭയിൽ പാസാക്കിയ സാമ്പത്തിക സംവരണ ബിൽ രാജ്യസഭ പരിഗണിച്ച് ചർച്ച നടത്താനിരിക്കെ കോൺഗ്രസിനെയും സി.പി.എമ്മിനെയും രൂക്ഷമായി വിമർശിച്ച് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ രംഗത്ത്. ഇന്ന് രാജ്യസഭയിൽ കോൺഗ്രസും സി.പി.എമ്മും ചതിക്കാൻ സാദ്ധ്യതയുള്ളതായി റിപ്പോർട്ടുകളുണ്ടെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു. രാജ്യസഭയിൽ ബില്ല് പാസാവുന്നതിന് തുരങ്കം വയ്ക്കാനുള്ള കുടില തന്ത്രങ്ങൾ അണിയറയിൽ നടക്കുന്നതായി സൂചനയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സുരേന്ദ്രന്റെ പ്രതികരണം.
'പിണറായി വിജയൻ തീരുമാനത്തെ സ്വാഗതം ചെയ്‌തെങ്കിലും പോളിറ്റ് ബ്യൂറോ എതിർത്തു രംഗത്തുവന്നത് കാണാതിരുന്നുകൂടാ. പി. ബിജു എം. പി ബിൽ സെലക്ട് കമ്മിറ്റിക്കുവിടണമെന്ന് പറഞ്ഞ് സി.പി.എം അംഗങ്ങൾ ഇടങ്കോലിടാൻ പരമാവധി ശ്രമിച്ചു. കോൺഗ്രസും സി. പി. എമ്മും നാളെ എന്തു നിലപാടെടുക്കും എന്നുള്ള കാര്യം കേരളവും ഏറെ പ്രാധാന്യത്തോടെയാണ് നോക്കിക്കാണുന്നത്'- സുരേന്ദ്രൻ പറഞ്ഞു.
അതേസമയം, പത്തു ശതമാനം സാമ്പത്തിക സംവരണം ഏർപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ഭരണഘടനാ ഭേദഗതി (124) ബിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ ലോക്‌സഭ ഇന്നലെ പാസാക്കി. അഞ്ചു മണിക്കൂറോളം നീണ്ട ചർച്ചയ്‌ക്കുശേഷം ഇന്നലെ രാത്രി പത്തു മണിയോടെ നടന്ന വോട്ടെടുപ്പിൽ മൂന്നു പേർ ബില്ലിനെ എതിർത്തപ്പോൾ 323 അംഗങ്ങൾ പിന്തുണച്ചു. വ്യവസ്ഥകളിൽ എതിർപ്പു പ്രകടിപ്പിച്ചെങ്കിലും കോൺഗ്രസും സി.പി.എമ്മും അടക്കം പ്രതിപക്ഷ കക്ഷികളുടെ പിന്തുണയോടെയാണ് ബിൽ പാസായത്. എ.ഐ.എ.ഡി.എം.കെ വോട്ടെടുപ്പ് ബഹിഷ്കരിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം