vt-balram

തിരുവനന്തപുരം: സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മുന്നാക്ക വിഭാഗങ്ങൾക്ക് സംവരണം ഏർപ്പെടുത്താനുള്ള കേന്ദ്രസർക്കാർ തീരുമാനത്തെയും ഇക്കാര്യത്തിൽ പിന്തുണ അറിയിച്ച കോൺഗ്രസ്, സി.പി.എം നേതൃത്വത്തെയും രൂക്ഷമായ ഭാഷയിൽ വിമർശിച്ച് വി.ടി.ബൽറാം എം.എൽ.എ രംഗത്തെത്തി. തൊലിപ്പുറത്തെ ചില നവോത്ഥാന നാട്യങ്ങൾ മാത്രമേ നമുക്കുള്ളൂ. ബ്രാഹ്മണ്യത്തിനെതിരായ യഥാർത്ഥ പോരാട്ടമായ സംവരണത്തിന്റെ വിഷയം വരുമ്പോൾ ഭരണഘടനാ ലക്ഷ്യങ്ങളെ അട്ടിമറിക്കാൻ എല്ലാവരും ഒറ്റക്കെട്ട്. സവർണ്ണരുടെ നഷ്‌ടപ്രതാപത്തേക്കുറിച്ചുള്ള പരിദേവനങ്ങളിൽ എല്ലാവർക്കും ഒരേ ശബ്ദമാണെന്നും അദ്ദേഹം വിമർശിച്ചു.

ബൽറാമിന്റെ ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം

ശബരിമലയിൽ യുവതികളെ കയറ്റുക, തന്ത്രിയെ തെറി വിളിക്കുക, ദലിതനെ പൂജാരിയാക്കുക, സന്ന്യാസി അടിവസ്ത്രമിട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുക, നാനാ ജാതി മതസ്ഥർ നിരന്ന് നിന്ന് മതില് കെട്ടുക എന്നിങ്ങനെ പ്രതീകാത്മകതകളും തൊലിപ്പുറമേയുള്ള നവോത്ഥാന നാട്യങ്ങളും മാത്രമേ നമുക്ക് പറഞ്ഞിട്ടുള്ളൂ.

ബ്രാഹ്മണ്യത്തിനെതിരായ യഥാർത്ഥ പോരാട്ടമായ സംവരണത്തിന്റെ വിഷയം വരുമ്പോൾ ഭരണഘടനാ ലക്ഷ്യങ്ങളെ അട്ടിമറിക്കാൻ എല്ലാവരും ഒറ്റക്കെട്ട്! അധസ്ഥിതരുടെ അധികാര പങ്കാളിത്തം എന്ന ജനാധിപത്യ ഉത്തരവാദിത്തത്തിന് പകരം സവർണ്ണരുടെ നഷ്ടപ്രതാപത്തേക്കുറിച്ചുള്ള പരിദേവനങ്ങളിൽ എല്ലാവർക്കും ഒരേ ശബ്ദം!!

ശ്രീ ഇ.ടി. മുഹമ്മദ് ബഷീറിന് വോട്ടു ചെയ്യാനും അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാനായി പ്രവർത്തിക്കാനും കഴിഞ്ഞു എന്നതിൽ ഏറെ അഭിമാനം തോന്നുന്നു.