നവംബർ 17 ന് രാവിലെ ആറ് മണിയുടെ ജനശതാബ്ദിക്ക് തിരുവനന്തപുരത്തുനിന്നും ആലപ്പുഴക്ക് യാത്രതിരിച്ചതാണ് ഞാൻ. കൊല്ലം കഴിഞ്ഞപ്പോൾ ഹർത്താലാണെന്ന് ഭർത്താവ് ഫോണിൽ വിളിച്ചുപറഞ്ഞു. രണ്ടും കൽപ്പിച്ച് ആലപ്പുഴ റെയിൽവേ സ്റ്റേഷനിലിറങ്ങി.
ആലപ്പുഴ ബസ് സ്റ്രാൻഡ് വരെ പൊലീസ് വാഹനത്തിൽ പോയി. അവിടനിന്നും ആലപ്പുഴ ജില്ലാക്കോടതിയിലേക്ക് നടന്നുപോയി. അവിടുത്തെ കാര്യം കഴിഞ്ഞ് ഒരു മണിയോടുകൂടി തിരികെ നടന്ന് ബോട്ടുജെട്ടിയിൽ വന്നു. അവിടെ നിന്നും എങ്ങനെയെങ്കിലും റെയിൽവേ സ്റ്റേഷനിലേക്ക് എത്തിയാൽ മാത്രമേ തിരികെ തിരുവനന്തപുരത്ത് എത്താനാവൂ. ഒരുകുപ്പി വെള്ളവുമായി രാവിലെ വീട്ടിൽനിന്നും ഇറങ്ങിയതാണ്. അതും തീരാറായി.
പൊലീസ് സഹോദരന്മാർ ബസ് സ്റ്റാൻഡിന് അടുത്തുള്ള ബോട്ടുജെട്ടിയുടെ സമീപം ഇരിക്കുന്നതുകണ്ടു. മടിച്ചു മടിച്ച് ചെന്ന് കാര്യം പറഞ്ഞു. മനുഷ്യത്വം വിളിച്ചോതുന്നതായിരുന്നു അവരുടെ പെരുമാറ്റം. കുറച്ചുനേരം ഇരുന്നപ്പോൾ അവർക്ക് ഭക്ഷണവുമായി പൊലീസ് വാഹനം വന്നു. അവരിലൊരാൾ വീട്ടിലെത്തിയ അതിഥിയെ സത്കരിക്കുന്നതുപോലെ എന്നെ ഊണു കഴിക്കാൻ ക്ഷണിക്കുകയാണ്. നിരാകരിച്ചിട്ടും നിർബന്ധം തുടർന്നതിനാൽ ക്ഷണം സ്വീകരിച്ചു. ചോറും ഒരു കറിയും മാത്രമായിരുന്നു ഉച്ചയൂണിന്. മേശയും കസേരയും ഒരുക്കി എനിക്ക് ഭക്ഷണം വിളമ്പിത്തന്ന ശേഷം അവരെല്ലാം കടത്തിണ്ണയിൽ നിന്നുകൊണ്ടാണ് ചോറ് കഴിച്ചത്. ദുരിതം പേറുന്നതാണ് ഓരോ പൊലീസുകാരന്റെയും ജീവിതം. അവരിലൊരാൾ ബൈക്കിൽ എന്നെ റെയിൽവേ സ്റ്റേഷനിലെത്തിച്ചു .
അവരെപ്പോലെ എത്ര പൊലീസുകാരാണ് പൊതുജനങ്ങളെ സഹായിക്കാനായി രാവും പകലുമില്ലാതെ ഓടിനടക്കുന്നത്. മൂന്നരക്കോടി ജനങ്ങളുള്ള കേരളത്തിലെ ക്രമസമാധാന പരിപാലനത്തിന് ആകെയുള്ളത് , ലാസ്റ്റ് ഗ്രേഡ് ജീവനക്കാരും മിനിസ്റ്റീരിയൽ സ്റ്റാഫും ഉൾപ്പടെ ഏകദേശം അറുപത്തിരണ്ടായിരം പൊലീസുകാരാണ്. നല്ല മിടുക്കരായ ഉദ്യോഗാർത്ഥികളാണ് പൊലീസ് സേനയിലേക്ക് വരുന്നത്. സമയത്തിന് ഉണ്ണാനോ ഉറങ്ങാനോ പറ്റാത്തവർ, വീട്ടുകാര്യങ്ങളൊന്നും നേരാംവണ്ണം ശ്രദ്ധിക്കാൻ പറ്റാത്തവർ, മാനസിക സംഘർഷം മൂലം രോഗികളാകുന്നവർ. എന്നാൽ അപാകതകളുള്ള പത്തുശതമാനത്തിന്റെ പേരിൽ സേന മുഴുവൻ പഴി കേൾക്കുന്നു. വനിതാ പൊലീസുകാരുടെയും ഗതി ദയനീയമാണ്. ഒരു മകളുടെ, അമ്മയുടെ ,ഭാര്യയുടെ എല്ലാചുമതലകളും കുടുംബമായി കഴിയുന്ന ഒരു വനിതാ പൊലീസിനും ഉണ്ട്. അതിനിടയാണ് ക്രമസമാധാനപാലനത്തിലുള്ള ചുമതലയേറിയ ജോലിയും അവർ വളരെ ഭംഗിയായി കൈകാര്യം ചെയ്യേണ്ടത്. കുഞ്ഞുങ്ങൾക്കുള്ള ഒരു ഡേകെയർ സംവിധാനമെങ്കിലും എല്ലാ സ്റ്റേഷനിലും കൊടുത്തിരുന്നെങ്കിൽ അവർക്ക് ആശ്വാസമാകുമായിരുന്നു.
കുസുമം ആർ.പുന്നപ്ര ഫോൺ : 9495961387