മുംബയ്: മഹാരാഷ്ട്രയിലെ സൊലപൂരിൽ പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദർശനം നടത്തുന്നത് അടിയന്തരാവസ്ഥയ്‌ക്ക് തുല്യമാണെന്ന് കോൺഗ്രസ് എം.എൽ.എ പ്രണീതി ഷിൻഡെ ആരോപിച്ചു. പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് മുന്നോടിയായി കേബിൾ ടി.വി കണക്ഷൻ അടച്ച്പൂട്ടുന്നതടക്കമുള്ള നടപടികൾ ജനാധിപത്യ വിരുദ്ധമാണെന്ന് പ്രണീതി ചൂണ്ടിക്കാട്ടി. സൊലാപൂരിൽ ജനാധിപത്യം ഇല്ലാതാക്കാനാണ് ശ്രമിക്കുന്നതെന്നും അവർ പറഞ്ഞു.
'കേബിൾ ടി.വി നാളെ പ്രവൃത്തിപ്പിക്കില്ലെന്ന് പത്രത്തിൽ വാർത്ത വന്നിരുന്നു. മോദി സൊലാപൂരിൽ സന്ദർശനം നടത്തുന്നതിൽ ഇത്തരം പ്രവൃത്തികൾ ചെയ്യുന്നത് ജനാധിപത്യത്തെ കൊലപ്പെടുത്തുന്നതിനും അപമാനിക്കുകയും ചെയ്യുന്നതിന് തുല്യമാണ്'. ഇതിൽ ഞാൻ വിയോജിക്കുന്നുവെന്നും പ്രണീതി വ്യക്തമാക്കി.
സൊലാപൂരിലെ പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് മൂന്ന് തവണയാണ് സുരക്ഷാ കാരണങ്ങളെ ചൊല്ലി റൂട്ട് മാറ്റിയത്. ലോക്‌സഭാ സമ്മേളനത്തെ തുടർന്നായിരുന്നു ഇത്. വികസന പദ്ധതികൾക്ക് തുടക്കമിടാനാണ് മോദി സൊലാപൂർ സന്ദർശിക്കുന്നത്. 'പ്രധാൻമന്ത്രി ആവാസ് യോജന'യുടെ ഭാഗമായി 30,000 വീടുകൾക്ക് മോദി തറക്കല്ലിടും.