തിരുവനന്തപുരം: ആരുടെയും നെഞ്ചിൻ കൂട്ടിൽ ചവിട്ടാതെ ജനുവരി എട്ടിന് ശബരിമലയിൽ 39കാരിയായ യുവതി ദർശനം നടത്തിയെന്നും ശുദ്ധിക്രിയ നടത്തി ഭക്തരോട് മാപ്പ് പറയാനും തന്ത്രിക്ക് വെല്ലുവിളിയുമായി ഫേസ്ബുക്ക് കൂട്ടായ്‌മ രംഗത്തെത്തി. ദർശനം നടത്താൻ താത്പര്യമുള്ള യുവതികളെ സംഘടിപ്പിക്കാൻ വേണ്ടി പ്രവർത്തിക്കുന്ന നവോത്ഥാന കേരളം ശബരിമലയിലേക്ക് എന്ന ഫേസ്ബുക്ക് കൂട്ടായ്‌മയാണ് ഇത്തരമൊരു വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. എന്നാൽ ഇക്കാര്യം പൊലീസോ സർക്കാർ വൃത്തങ്ങളോ സ്ഥിരീകരിച്ചിട്ടില്ല. 36കാരിയായ ദളിത് യുവതി കഴിഞ്ഞ ദിവസം 7.30ന് പതിനെട്ടാം പടി വഴി ശ്രീകോവിലിന് മുന്നിലെത്തുകയും ദർശനവും നെയ്യഭിഷേകവും കഴിഞ്ഞ് 10.30ന് പമ്പയിൽ തിരിച്ചെത്തുകയും ചെയ്‌തുവെന്നാണ് അവകാശവാദം.
അതേസമയം, ദർശനം നടത്തിയത് താനാണെന്ന അവകാശവാദവുമായി കൊല്ലം ചാത്തന്നൂർ സ്വദേശി മഞ്ജു രംഗതത്തെത്തി. പൊലീസിന്റെ സഹായമില്ലാതെയാണ് താൻ ദർശനം നടത്തിയതെന്നും ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ ഉടൻ പുറത്ത് വിടുമെന്നും അവർ ഒരു സ്വകാര്യ ചാനലിനോട് പ്രതികരിച്ചു.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ
ശൂദ്ര കലാപത്തിന് നേതൃത്വം കൊടുത്ത് കേരളത്തെ അസ്വസ്ഥമാക്കിയ രാഹുൽ ഈശ്വർ മുതൽ സുകുമാരൻ നായർ വരെയുള്ളവരോടാണ് ....
ആരുടെയും നെഞ്ചിൻ കൂട്ടിൽ ചവിട്ടിയല്ലാതെ നവോത്ഥാന കേരളം ഇന്നലെ (ജനുവരി 8 )വീണ്ടും ശബരിമലയിലെ 18 ആം പടി ചവിട്ടി കയറിയിരിക്കുന്നു ...
കേരളത്തിന്റെ മുന്നോട്ടു പോക്കിനെ തടയാൻ ഒരു പ്രതിലോമശക്തികളേയും അനുവദിക്കില്ല എന്ന് പ്രഖ്യാപിച്ചു കൊണ്ട് മലയാളി തന്നെയായ 36 വയസ്സുള്ള ദളിത് യുവതി പതിനെട്ടാം പടി കയറിയിരിക്കുകയാണ് . ഇന്നലെ കാലത്ത് 7.30 ന് ശ്രീകോവിലിനു മുന്നിലെത്തുകയും നെയ്യഭിഷേകം മുതൽ എല്ലാ ചടങ്ങുകളും അയ്യപ്പക്ഷേത്രത്തിലും മാളികപ്പുറം ക്ഷേത്രത്തിലും നടത്തി രാവിലെ 10.30 ഓടെ അവർ തിരിച്ച് പമ്പയിലെത്തുകയും ചെയ്ത് സ്ത്രീവിരുദ്ധമായ ബ്രാഹ്മണാചാരങ്ങളെ വെല്ലുവിളിക്കുകയും ചെയ്തിരിക്കുകയാണ് . ഓർമ്മിക്കുക , ഗർഭപാത്രം നീക്കം ചെയ്യാത്ത ആർത്തവ ചക്രം നിലക്കാത്ത യുവതിയാണ് ഇന്നലെ ശബരിമലയിലെത്തിയത് .
തന്ത്രിയോട് : താങ്കളുടെ ഭാഷയിൽ അമ്പലം അശുദ്ധമായിട്ട് 24 മണിക്കൂർ കഴിഞ്ഞിരിക്കുന്നു . ഒന്നുകിൽ വിശുദ്ധി നഷ്ടപ്പെട്ട മൂർത്തിക്കു മുമ്പിൽ പൂജ നടത്തി ഇന്നലെ രാവിലെ മുതൽ വഞ്ചിക്കപ്പെട്ട ലക്ഷക്കണക്കിന് ഭക്തരോട് മാപ്പ് പറയുക അല്ലെങ്കിൽ ബിന്ദുവിനേയും കനക ദുർഗ്ഗയേയും അപമാനിക്കാൻ ശുദ്ധി കലശം നടത്തിയതിന് പരസ്യമായി മാപ്പു പറയുക .