തിരുവനന്തപുരം: ശബരിമല കർമസമിതി ആഹ്വാനം ചെയ്‌ത ഹർത്താലിനിടെ നെടുമങ്ങാട് പൊലീസ് സ്‌റ്റേഷന് നേരെ ബോംബേറിഞ്ഞ സംഭവത്തിൽ നെടുമങ്ങാട് ആർ.എസ്.എസ് ജില്ലാ കാര്യാലയത്തിൽ പൊലീസ് പരിശോധന. ഇവിടെ ആയുധങ്ങൾ ഒളിപ്പിച്ച് വച്ചിട്ടുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന. ഇവിടെ നിന്നും കത്തിയും വാളുകളും പിടിച്ചെടുത്തതായാണ് പൊലീസ് നൽകുന്ന വിവരം. നെടുമങ്ങാട് ഡിവൈ.എസ്.പി അശോക് കുമാറിന്റെ നേതൃത്വത്തിൽ സ്ഥലത്ത് ഇപ്പോഴും പരിശോധന തുടരുകയാണ്.
ബി.ജെ.പി പിന്തുണയോടെ ശബരിമല കർമ സമിതി നടത്തിയ ഹർത്താലിനിടെ നാല് ബോംബുകളാണ് നെടുമങ്ങാട് പൊലീസ് സ്‌റ്റേഷന് നേരെ ആർ.എസ്.എസ് നെടുമങ്ങാട് പ്രചാരകായ ആലപ്പുഴ നൂറനാട് സ്വദേശി പ്രവീൺ എറിഞ്ഞത്. ഇതിന്റെ സി.സി.ടി.വി ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. സംഭവത്തിൽ പ്രവീണിനെ സഹായിച്ച പ്രതികളെ പൊലീസ് പിടികൂടിയിട്ടുണ്ടെങ്കിലും പ്രധാന പ്രതി പ്രവീൺ ഇപ്പോഴും ഒളിവിലാണ്. ഇയാളെ പിടിക്കാൻ ലുക്കൗട്ട് നോട്ടീസ് അടക്കം പൊലീസ് പുറപ്പെടുവിച്ചിരുന്നു. പ്രവീണിനെ രക്ഷപ്പെടാൻ സഹായിച്ച നൂറനാട് സ്വദേശി വിഷ്‌ണു, നെടുമങ്ങാട് ബി.ജെ.പി മണ്ഡലം പ്രസിഡന്റ് അടക്കം നിരവധി പേർ ഇപ്പോൾ പൊലീസിന്റെ കസ്‌റ്റഡിയിലാണ്. പ്രവീൺ ഒളിവിൽ പോയതിന്റെ തെളിവുകളും കാര്യാലയത്തിൽ നിന്ന് ലഭിച്ചതായാണ് വിവരം. ബോംബ് ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ഹൈഡ്രജൻ പെറോക്‌സൈഡ് അടക്കമുള്ള വസ്തുക്കളും ഇവിടെ നിന്നും പിടികൂടിയിട്ടുണ്ടെന്നാണ് വിവരം.