വാഷിംഗ്ടൺ: അടുത്ത ലോക്സഭ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം അവശേഷിക്കവെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സർക്കാരിന്റെ ചിറകിൽ പൊൻതൂവൽ ചാർത്തി ലോകബാങ്കിന്റെ റിപ്പോർട്ട്. ഈ നടപ്പുസാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ വളർച്ച 7.3 ശതമാനമായി വർദ്ധിക്കുമെന്നാണ് ലോകബാങ്കിന്റെ റിപ്പോർട്ട്. ഇതുകൂടാതെ അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഇത് 7.5 ശതമാനമായി മാറുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതേ രീതിയിലുള്ള വളർച്ച തുടരുകയാണെങ്കിൽ ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറുമെന്നും റിപ്പോർട്ടിൽ പറയുന്നു.
ലോകബാങ്കിന്റെ റിപ്പോർട്ട് പുറത്തുവന്നതോടെ തിരഞ്ഞെടുപ്പിഷൽ ബി.ജെ.പിക്ക് പുതിയ തുറുപ്പ് ചീട്ട് ലഭിച്ചിരിക്കുകയാണ്. അതേസമയം, 2019ൽ ചൈനയുടെ വളർച്ച മന്ദഗതിയിലാകുമെന്ന് റിപ്പോർട്ടിൽ പറയുന്നു. സാമ്പത്തിക വളർച്ചയിൽ ഏഷ്യയിൽ ഇന്ത്യയും ചൈനയും തമ്മിലാണ് പ്രധാനമായും മത്സരം നടക്കുന്നത്.
ഇന്ത്യയുടെ സാമ്പത്തിക വളർച്ച വർദ്ധിക്കുമെന്ന് ലോകബാങ്ക് പ്രവചിക്കാനുള്ള കാരണം രണ്ടാണ്. അതിൽ ഒന്നാമത് ഇന്ത്യയിൽ വൻതോതിൽ നിക്ഷേപം വരുന്നുണ്ട്. ഉപഭോഗം ഉയർന്ന അളവിൽ തന്നെ നിൽക്കുകയും ചെയ്യുന്നുവെന്നതാണ് രണ്ടാമത്തെ ഘടകം. ജി.എസ്.ടി നിരക്ക് കുറയ്ക്കാനുള്ള സർക്കാർ തീരുമാനവും വളർച്ച എളുപ്പമാക്കുമെന്നാണ് പ്രവചനം.
എന്നാൽ കേന്ദ്രസർക്കാർ നേരത്തെ സ്വീകരിച്ച ചില നടപടികൾ വളർച്ചയ്ക്ക് തടസമുണ്ടാക്കിയെന്നും വ്യക്തമാക്കുന്നു. ലോകത്ത് വളർച്ച രേഖപ്പെടുത്തുന്ന സാമ്പത്തിക ശക്തിയാണ് ഇന്ത്യയെന്നും 2017ൽ കേന്ദ്രസർക്കാരിന്റെ ചില നയങ്ങളാണ് വളർച്ചയ്ക്ക് തിരിച്ചടിയായതെന്നും റിപ്പോർട്ടിൽ പറയുന്നു.