fazil-mohanlal

മണിചിത്രത്താഴ് എന്ന ചിത്രം മലയാളികളുടെ ആസ്വാദനത്തിന്റെ ഭാഗമായിട്ട് കാൽ നൂറ്റാണ്ട് പിന്നിടുന്നു. മിനിസ്‌ക്രീനുകളിൽ ഇന്നും മണിചിത്രത്താഴിന് ലഭിക്കുന്ന സ്വീകാര്യത അവകാശപ്പെടാൻ മറ്റു ചിത്രങ്ങൾക്ക് കഴിയില്ല എന്നു തന്നെ പറയാം.ഓരോ കഥാപാത്രവും പ്രേക്ഷകന്റെ മനസിൽ ഇത്രത്തോളം ആഴത്തിൽ പതിഞ്ഞ ഒരു സിനിമ ഒരുപക്ഷേ ഇന്ത്യൻ സിനിമയിൽ തന്നെ അപൂർവമാണ്.

സിനിമ പോലെ തന്നെ മണിചിത്രത്താഴിന്റെ ചിത്രീകരണത്തിന് പിന്നിൽ രസകരമായ നിരവധി കഥകളുണ്ട്. അതിലൊന്ന് പ്രേക്ഷകരുമായി പങ്കുവയ്‌ക്കുകയാണ് ചിത്രത്തിന്റെ സംവിധായകൻ ഫാസിൽ. 'ഗംഗ (ശോഭന)യിലെ മനോരോഗം ഡോ.സണ്ണി (മോഹൻലാൽ) ആദ്യമായി മനസിലാക്കുന്ന ഒരു രംഗമുണ്ട്. തെക്കിനിയിൽ വച്ച് ഗംഗ ആഭരണം കാണിക്കുന്നതാണത്. സിനിമയുടെ സസ്‌പെൻസ് അവിടെ പൊളിയും. സിനിമയുടെ സാങ്കേതികത അവിടെയാണ് നമ്മളെ രക്ഷിക്കാനായി വരുന്നത്. ആ പർട്ടിക്കുലർ സീനിൽ ഗംഗയുടെ പിൻഭാഗത്ത് ഞാൻ ക്യാമറ വച്ചു. ഗംഗയുടെ മുഖം കാണിക്കാനായി.

ഗംഗയിൽ നിന്ന് സ്ഫുരിക്കുന്ന ഭ്രാന്തിന്റെ ലക്ഷണങ്ങൾ മോഹൻലാലിന്റെ മുഖത്ത് ഭാവങ്ങളായി വരരുത്. അതുകൊണ്ട് ക്യാമറാമാനോട് അവിടെ ഷാഡോ ഇട്ടേക്കാൻ പറഞ്ഞിരുന്നു. അങ്ങനെ മോഹൻലാലിന്റെ മുഖത്തെ ലേശം മറച്ചു. പക്ഷേ മോഹൻലാൽ ഡിസ്‌‌റ്റേർ‌ബ്‌ഡ് ആകുന്നുണ്ട്. അത് പെട്ടെന്ന് നടന്നു പോകുമ്പോൾ ആഭരണപെട്ടിയിലൊക്കെ രണ്ട് തട്ടുതട്ടി പരിഹരിച്ചു പോയി. എന്നാൽ അതൊരു ഒളിച്ചോട്ടമായിരുന്നില്ല, കലാപരമായി കാണിച്ചുവെന്ന് മാത്രം'- ഫാസിൽ പറഞ്ഞു.