ന്യൂഡൽഹി: സംവിധായകൻ കരൺ ജോഹറിന്റെ സംവാദ പരിപാടിയായ 'കോഫി വിത്ത് കരണി'ൽ ഇന്ത്യൻ ക്രിക്കറ്റ് താരമായ ഹാർദിക് പാണ്ഡ്യ തന്റെ സ്വകാര്യ ജീവിതത്തെ കുറിച്ചുള്ള തുറന്നുപറച്ചിൽ ഏറെ വിവാദമാണ് സൃഷ്‌ടിച്ചിരിക്കുന്നത്. പരിപാടിക്കിടെയുള്ള വെളിപ്പെടുത്തൽ കടുത്ത സ്ത്രീ വിരുദ്ധതയും വംശീയ അധിക്ഷേപവും ഉള്ളതായി നേരത്തെ വിമർശനമുയർന്നിരുന്നു. ഇപ്പോൾ വിഷയത്തിൽ പാണ്ഡ്യ ട്വിറ്ററിലൂടെ ഖേദപ്രകടനം നടത്തി.
'കോഫി വിത്ത് കരണിൽ ഞാൻ പറഞ്ഞ കാര്യങ്ങൾ ആരെയെങ്കിലും ഏതെങ്കിലും തരത്തിൽ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ മാപ്പു ചോദിക്കുന്നു. സത്യസന്ധമായി പറയുകയാണ്, ആ ഷോയുടെ സ്വഭാവം കൊണ്ട് ഞാൻ കുറച്ച് കടന്ന് സംസാരിച്ചുപോയി. ആരുടെയെങ്കിലും വികാരത്തെ വ്രണപ്പെടുത്താൻ ഉദ്ദേശിച്ചുള്ളതായിരുന്നില്ല' അതെന്നും പാണ്ഡ്യ ട്വിറ്ററിൽ കുറിച്ചു.
തനിക്ക് നിരവധി സ്ത്രീകളുമായി ലൈംഗിക ബന്ധമുണ്ടെന്ന് ഷോയിൽ ഹാർദിക് തുറന്നു സമ്മതിച്ചിരുന്നു. കെ.എൽ രാഹുലിനൊപ്പമാണ് ഹാർദിക് കോഫി വിത്ത് കരണിൽ പങ്കെടുത്തത്. ആറാമത്തെ എപ്പിസോഡിലാണ് പാണ്ഡ്യയുടെ തുറന്നു പറച്ചിൽ. തന്റെ ലൈംഗിക ജീവിതത്തെ കുറിച്ച് അച്ഛനും അമ്മയും തന്നോടു ചോദിക്കാറില്ലെന്നും അങ്ങനെയുളള കാര്യങ്ങളിൽ യാതൊരു തരത്തിലുളള ഇടപെടലുകളും നടത്താറില്ലെന്നും ഹാർദിക് പറഞ്ഞിരുന്നു. തനിക്ക്
ആഫ്രിക്കൻ സംസ്‌കാരം എന്നെ ഏറെ ആകർഷിച്ചിട്ടുണ്ട്. അവരുടെ സ്റ്റെലും ഫാഷനും എനിക്കിഷ്ടമാണ്. അതുകൊണ്ട് തന്നെ അവയെല്ലാം ഞാൻ അനുകരിക്കാറുണ്ട്. വൈസ്റ്റിൻഡീസുകാരനാണോ എന്ന് പലരും എന്നോട് ചോദിച്ചിട്ടുണ്ടെന്നും ഹാർദിക് പറഞ്ഞു.
ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന ദിവസങ്ങളിൽ ഞാൻതന്നെ മാതാപിതാക്കളോട് പറയാറുണ്ട്, ഞാൻ അത് ചെയ്‌തിട്ടാണ് വരുന്നതെന്ന്. മാതാപിതാക്കൾ ആവശ്യപ്പെടാതെ തന്നെ ഞാൻ ഇത് പറയാറുണ്ട്. ഹാർദിക്കിന്റെ മറുപടി കേട്ട് അവതാരകൻ കരൺ ജോഹറടക്കം ഞെട്ടിയിരുന്നു. 18 വയസുള്ളപ്പോൾ റൂമിൽ നിന്ന് അമ്മ കോണ്ടം കണ്ടെത്തിയ സംഭവം ക്രിക്കറ്റ് താരം രാഹുലും പരിപാടിയിൽ വെളിപ്പെടുത്തിയിരുന്നു.
അതേസമയം, ഹാർദിക് പാണ്ഡ്യയും ലോകേഷ് രാഹുലും നടത്തിയ പരാമർശങ്ങൾ വിവാദമായ സാഹചര്യത്തിൽ ബി.സി.സി.ഐ നടപടിയെടുക്കുമെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. ഈ കാര്യത്തിൽ ഇരുവരോടും ബി.സി.സി.ഐ വിശദീകരണം ചോദിച്ചിട്ടുണ്ട്. ബി.സി.സി.ഐയേയും ഇന്ത്യൻ ക്രിക്കറ്റിനെയും അപമാനിക്കുന്നതാണ് പാണ്ഡ്യയുടെ പ്രതികരണങ്ങൾ. മാപ്പു പറച്ചിൽ ഇതിനൊരു പരിഹാരമല്ല താരത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ബി.സി.സി.ഐയിലെ ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടു.