houseboat
സഞ്ചാരികളെയും കാത്ത് ഹൗസ് ബോട്ടുകൾ

കോട്ടയം : ശബരിമലയിലെ സ്ത്രീപ്രവേശനത്തെ ചൊല്ലിയുള്ള സംഘർഷവും വിവാദവും കുമരകം ടൂറിസത്തെയും സാരമായി ബാധിച്ചു. തമിഴ്നാട് ആഡ്ര,കർണാടക എന്നിവിടങ്ങളിൽ നിന്നുള്ള അയ്യപ്പന്മാരിലേറെയും ശബരിമല ദർശനം കഴിഞ്ഞു കോട്ടയത്തിറങ്ങി ടൂറിസ്റ്റുകളായി കുമരകത്ത് എത്തി ബോട്ടിംഗ് നടത്തിയായിരുന്നു നാട്ടിലേക്ക് മടങ്ങിയിരുന്നത്. മകരവിളക്ക് സീസണായിട്ടും അയ്യപ്പന്മാരുടെ ഒരു വാഹനവും ഇതുവരെ കുമരകത്ത് എത്തിയിട്ടില്ലെന്ന് ഹൗസ് ബോട്ട് ,റിസോർട്ട് ഉടമകൾ പറയുന്നു .

പ്രളയത്തിന്റെ കേടു പാടുകൾ തീർത്ത് പുതുവർഷ വിനോദ സഞ്ചാരികൾക്കായി കുമരകം അണിഞ്ഞൊരുങ്ങിയിട്ടും സഞ്ചാരികളില്ല. . വിനോദ സഞ്ചാര വകുപ്പിന്റെ നേതൃത്വത്തിൽഹൗസ് ബോട്ട് യാത്രയും സഞ്ചാരികൾക്കായി സംഘടിപ്പിച്ചു. വെള്ളപ്പൊക്കത്തിൽ കേടുപാടു സംഭവിച്ച ഹോട്ടലുകളും റിസോർട്ടുകളും ഹോം സ്റ്റേകളും നന്നാക്കി വീണ്ടും തുറന്നിട്ടും കഴിഞ്ഞ വർഷമെത്തിയതിന്റെ പാതി .ടൂറിസ്റ്റുകൾ പുതുവർഷത്തിലെത്തിയില്ല .

ടൂറിസം മേഖലയായ കുമരകത്തെ ഹർത്താലിൽ നിന്നൊഴിവാക്കുമെന്ന് ബന്ധപ്പെട്ടവർ പ്രഖ്യാപിച്ചിരുന്നെങ്കിലും പൊതു പണിമുടക്ക് ദിവസങ്ങളിൽ സഞ്ചാരികളാരും വന്നില്ല . റിസോർട്ടുകളിൽ താമസിച്ചവരായിരുന്ന ബോട്ടിംഗിനുണ്ടായിരുന്നത്. പൊതുപണിമുടക്കിന്റെ ആദ്യ ദിവസം തുറന്നിരുന്ന കടകൾ ഇന്നലെ സമരാനുകൂലികൾ അടപ്പിച്ചത് റിസോർട്ട് ഉടമകൾക്കും സഞ്ചാരികൾക്കും ബുദ്ധി മുട്ടായി. ഹൗസ് ബോട്ടിലെ യൂണിയൻ തൊഴിലാളികൾ പണിമുടക്കാതെ ബോട്ടോടിക്കാൻ തയ്യാറായെങ്കിലും വെറുതെ സഞ്ചാരികളെ കാത്തിരിക്കേണ്ടി വന്നു ..

ആഭ്യന്തര ടൂറിസ്റ്റുകളാണ് പുതുവർഷത്തിൽ കൂടുതൽ വരാറുള്ളതെങ്കിലും ശബരിമല വിവാദവുമായി ബന്ധപ്പെട്ട് കേരളമാകെ സംഘർഷമാണെന്ന തരത്തിലുള്ള വാർത്തകൾ കുമരകം ടൂറിസത്തെ ദോഷകരമായി ബാധിച്ചുവെന്നാണ് ഹോട്ടൽ ബോട്ട് ടാക്സി ഉടമകൾ പറയുന്നത്.

ശബരിമല സീസണിൽ അയ്യപ്പന്മാർ എത്തുന്നതിനാൽ കുറഞ്ഞത് അഞ്ചു ലക്ഷം രൂപയുടെ ബിസിനസ് കുമരകത്തെ ഹോട്ടലുകളിലുണ്ടാകാറുണ്ട്. ഈ വർഷം ഇതുവരെ ഒരാൾപോലുമെത്തിയില്ല . ശബരിമല വിഷയവുമായി ബന്ധപ്പെട്ട അക്രമമെന്ന പ്രചാരണം കാരണം ഉത്തരേന്ത്യയിൽ നിന്നുള്ള ടൂറിസ്റ്റുകളും വന്നില്ല . പുതുവർഷ സീസണും മടുപ്പാണ് .ടൂറിസം കേന്ദ്രമായ കുമരകത്തെ പണിമുടക്കിൽ നിന്ന് ഒഴിവാക്കിയെന്ന് പ്രഖ്യാപിച്ചിട്ട് ഇന്നലെ കടകളെല്ലാം അടപ്പിച്ചു. ഇതു കാരണം ഹോട്ടലുകളിലേക്കാവശ്യമായ സാധനങ്ങൾ വാങ്ങിക്കാൻ കഴിഞ്ഞില്ല .

സലീംദാസ്

( ചേംബർ ഓഫ് ഹോട്ടൽ ആൻഡ് റിസോർട്ട്സ് )

ഹൗസ് ബോട്ടും ഷിക്കാരയുമടക്കം ഇരുന്നൂറോളം ബോട്ടുകൾ കുമരകത്തുണ്ട്. പകുതിയെണ്ണത്തിന് പോലും പുതുവർഷ സീസണിൽ ഓട്ടമില്ലെങ്കിലും ബാറ്റ ഒഴിച്ച് ജീവനക്കാർക്ക് ശമ്പളം കൊടുക്കണം. അയ്യപ്പൻമാരാരും ഈ സീസണിൽ വരാത്തത് ഹൗസ് ബോട്ട് മേഖലയെ സാമ്പത്തികമായി തകർത്തു.

ഹണി ഗോപാലൻ

(ഹൗസ് ബോട്ട് ഓണേഴ്സ് സൊസൈറ്റി )