rahul-gandi-

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിന്നാലെ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയും കേരള സന്ദർശനത്തിനൊരുങ്ങുന്നു. ഈ മാസം 29ന് കൊച്ചിയിൽ രാഹുൽ ഗാന്ധി എത്തുമെന്ന് കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ഡൽഹിയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കേരളത്തിലെ 70ശതമാനം ബൂത്ത് കമ്മിറ്റികളും പുനസംഘടിപ്പിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പുതുതായി തിരഞ്ഞെടുക്കപ്പെട്ട ബൂത്ത് അദ്ധ്യക്ഷൻമാരുടെ യോഗത്തിൽ പങ്കെടുക്കുന്നതിനാണ് രാഹുൽ ഗാന്ധി കൊച്ചിയിൽ എത്തുന്നത്. ഇതോടൊപ്പം വനിതാ ബൂത്ത് വൈസ് പ്രസിഡന്റുമാരുടെ യോഗവും നടക്കുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ അറിയിച്ചു. കേരളത്തിലെ 23,970 ബൂത്ത് കമ്മിറ്റികളുണ്ട്. ആ കമ്മിറ്റികളുടെ എണ്ണത്തിൽ അത്രയും തന്നെ വനിതാ വൈസ് പ്രസിഡന്റുമാരെ നിയമിക്കാൻ സാധിച്ചുവെന്നതാണ് കോൺഗ്രസ് സംഘടന രംഗത്തുണ്ടാക്കിയ മികച്ച നേട്ടമാണെന്ന് മുല്ലപ്പള്ളി പറഞ്ഞു.

അടുത്ത മാസം മൂന്നിന് കെ.പി.സി.സി അദ്ധ്യക്ഷന്റെ നേതൃത്വത്തിൽ കാസർകോട് നിന്ന് തിരഞ്ഞെടുപ്പ് യാത്രയ്ക്ക് തുടക്കം കുറിക്കും. ഈ യാത്ര കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റ് എ.കെ ആന്റണി ഉദ്ഘാടനം ചെയ്യും. യു.ഡി.എഫ് കൺവീനറായി ബെന്നി ബെഹന്നാനെ നിയോഗിച്ചെന്നും ഓരോ ജില്ലയിലെ തിരഞ്ഞെടുപ്പ് പരിപാടികൾ ഏകോപിപ്പിക്കാൻ മുതിർന്ന നേതാക്കളെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മുല്ലപ്പള്ളി അറിയിച്ചു.