കൊച്ചി: സംസ്ഥാനത്ത് സ്വർണാഭരണങ്ങൾക്ക് ഒരു ശതമാനം അധിക നികുതി ഏർപ്പെടുത്താനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്‌സ് അസോസിയേഷൻ (എ.കെ.ജി.എസ്.എം.എ) ആവശ്യപ്പെട്ടു. പ്രളയാനന്തര കേരളത്തിന്റെ പുനർനിർമ്മാണ പ്രവർത്തനങ്ങൾക്കായി നിലവിലുള്ള നികുതിക്ക് പുറമേ സെസ് ഏർപ്പെടുത്തുന്നതിന് എതിരല്ല. എന്നാൽ, നിലവിലെ മൂന്ന് ശതമാനം നികുതി നാല് ശതമാനമായി ഉയർത്തുന്നത് 'ഒരു രാജ്യം, ഒരു നികുതി" എന്ന ജി.എസ്.ടിയുടെ അന്തഃസത്തയ്ക്ക് എതിരാണ്.
നികുതി വർദ്ധിപ്പിക്കുന്നത് നികുതിഘടനയിലും ദൂരവ്യാപക പ്രത്യാഘാതങ്ങലുണ്ടാക്കും. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ സ്വർണത്തിന് നികുതി കൂടുന്നത്, വിപണിയിൽ അസമത്വം സൃഷ്‌ടിക്കും. ഉപഭോക്താക്കൾ സ്വർണാഭരണങ്ങൾ വാങ്ങാൻ മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന സ്ഥിതിയുണ്ടാകും. കള്ളക്കടത്തും വർദ്ധിക്കും. സ്വർണത്തിന് അധിക നികുതി ഏർപ്പെടുത്താനുള്ള നീക്കത്തെ ജി.എസ്.ടി കൗൺസിൽ അംഗീകരിക്കുന്നതെന്ന് ആവശ്യപ്പെട്ട് നിവേദനം നൽകിയിട്ടുണ്ടെന്ന് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഡോ.ബി. ഗോവിന്ദൻ, ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ, ട്രഷറർ എസ്. അബ്‌ദുൽ നാസർ എന്നിവർ പറഞ്ഞു.