കൊൽക്കത്ത: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ ഐക്യം കെട്ടിപ്പടുക്കുന്ന തൃണമൂൽ കോൺഗ്രസ് നേതാവ് മമതാ ബാനർജിക്ക് കനത്ത തിരിച്ചടി നൽകി പാർട്ടി എം.പി സൗമിത്ര ഖാൻ ബി.ജെ.പിയിൽ ചേർന്നു. സൗമിത്ര ഖാനെ കൂടാതെ തിരഞ്ഞെടുപ്പിന് മുമ്പ് അഞ്ചോളം എം.പിമാർ കൂടി പാർട്ടി വിടുമെന്ന് ബി.ജെ.പി നേതാവും മുൻ തൃണമൂൽ കോൺഗ്രസ് പ്രവർത്തകനുമായ മുകുൾ റോയ് അറിയിച്ചു. ബുധനാഴ്‌ച കൊൽക്കത്തയിൽ നടന്ന ചടങ്ങിലാണ് സൗമിത്ര ഖാൻ ബി.ജെ.പിയിൽ ചേരുന്ന കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
ഇന്ന് രാവിലെ സൗമിത്ര ഖാൻ ബി.ജെ.പി അദ്ധ്യക്ഷൻ അമിത് ഷായെ സന്ദർശിച്ച് പാർട്ടിയിൽ ചേരുന്നത് സംബന്ധിച്ച് ചർച്ചകൾ നടത്തിയിരുന്നു. തൃണമൂൽ കോൺഗ്രസിൽ മമതാ ബാനർജിയുടെ ഏകാധിപത്യമാണ് നടക്കുന്നതെന്നും ഇനി ബി.ജെ.പിയിൽ ചേർന്ന് നരേന്ദ്ര മോദിക്ക് വേണ്ടി പ്രവർത്തിക്കുമെന്നും സൗമിത്ര ഖാൻ പ്രതികരിച്ചു. പശ്ചിമ ബംഗാളിൽ ഇപ്പോൾ ജനാധിപത്യമല്ല നടക്കുന്നത്. മറിച്ച് പൊലീസ് രാജാണ്. ഇന്ത്യയെ മാറ്റത്തിലേക്ക് നയിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കഴിയുമെന്ന് രാജ്യത്തെ എല്ലാ ചെറുപ്പക്കാരെയും പോലെ താനും കരുതുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ബിഷ്‌ണുപൂർ മണ്ഡലത്തിലെ എം.പിയായ സൗമിത്ര ഖാൻ തന്നെ പൊലീസുകാർ കൊല്ലാൻ ശ്രമിക്കുന്നതായി ആരോപിച്ച് ഫേസ്ബുക്കിൽ പോസ്‌റ്റ് ചെയ്‌ത കുറിപ്പ് ഏറെ വിവാദങ്ങൾ സൃഷ്‌ടിച്ചിരുന്നു. ഇതിന് ശേഷം സൗമിത്ര ഖാനെ തൃണമൂൽ കോൺഗ്രസിൽ നിന്നും പുറത്താക്കിയെന്നാണ് വിവരം. അതേസമയം, തൃണമൂൽ കോൺഗ്രസ് അംഗങ്ങളായ രണ്ടായിരത്തോളം പേർ കഴിഞ്ഞ ദിവസങ്ങളിൽ പാർട്ടിയിൽ നിന്ന് രാജിവച്ച് കോൺഗ്രസിൽ ചേർന്നിരുന്നു.