narendra-modi

ന്യൂഡൽഹി: റാഫേൽ ഇടപാട് ക്രിസ്‌ത്യൻ മിഷേൽ കാരണമാണോ നിന്നുപോയതെന്ന കോൺഗ്രസിനെ പരിഹസിക്കുന്ന ചോദ്യവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്തെത്തി. റാഫേലിന്റെ എതിരാളിയായ യൂറോഫൈറ്റർ എന്ന കമ്പനിക്കായി മിഷേൽ സ്വാധീനം ചെലുത്താൻ ശ്രമിച്ചു എന്ന റിപ്പോർട്ട് പുറത്തുവന്ന സാഹചര്യത്തിലാണ് മോദി വിമർശനമുന്നയിച്ചത്.

'കോൺഗ്രസിന് മിഷേൽ മാമനുമായുള്ള ബന്ധം എന്താണ്? അവർ മറുപടി പറയില്ല. കാവൽക്കാരൻ അതിനെ കുറിച്ച് ചോദിക്കില്ലെന്ന് കരുതിയോ എന്ന് മോദി പരിഹസിച്ചു. മഹാരാഷ്ട്രയിലെ സൊലാപൂരിൽ നടന്ന റാലിക്കിടെയായിരുന്നു ആരുടെയും പേരെടുത്ത് പറയാതെ മോദി പരിഹസിച്ചത്. 'പ്രതിഫലം പറ്റിയ ആളുകളുടെ സുഹൃത്തുക്കൾ കാവൽക്കാരനെ ഭയപ്പെടുത്താമെന്നാണ് സ്വപ്‌നം കാണുകയാണ്. പക്ഷെ അവരെല്ലാം നിരാശപ്പെടാൻ പോവുകയാണ്. കാവൽക്കാരൻ ഭയക്കുകയോ ഉറങ്ങുകയോ ചെയ്യുന്ന ആളല്ല. എനിക്ക് നേരെ ആക്ഷേപങ്ങൾ ഉയർത്തിക്കോളൂ. പക്ഷെ, ഈ ശുദ്ധീകരണ യജ്ഞം ഞാൻ തുടരുക തന്നെ ചെയ്യും.'

കോൺഗ്രസ് അധികാരത്തിരുന്ന കാലത്ത് നടത്തിയ വി.വി.ഐ.പി ഹെലികോപ്റ്റർ ഇടപാടിൽ അഴിമതിക്കേസിൽ പിടിയിലായ ക്രിസ്റ്റ്യൻ മിഷേലിന് രാഹുൽഗാന്ധിയുമായും ഗാന്ധി കുടുംബവുമായും അടുപ്പമുള്ളതായി ബി.ജെ.പി ആരോപിച്ചിരുന്നു. നേരത്തെ റാഫേൽ ഇടപാടിൽ അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് മോദിക്കെതിരെ 'കാവൽക്കാരൻ കള്ളനാണ്' എന്ന പ്രയോഗം രാഹുൽ ഉയർത്തിയത് വിവാദമായിരുന്നു. ഇതിനെതിരെയാണ് മോദി ഇന്ന് സൊലാപൂരിലെ പരിപാടിയിൽ വിമർശനമുന്നയിച്ചത്.

അഗസ്റ്റവെസ്റ്റ്ലാൻഡ് കോപ്ടർ അഴിമതി കേസിൽ അറസ്റ്റിലായ ഇടനിലക്കാരൻ ക്രിസ്റ്റ്യൻ മിഷേലിന് മറ്റ് പ്രതിരോധ ഇടപാടുകളിലും പങ്കുണ്ടെന്ന് സൂചനയുള്ളതായി എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് ഡൽഹി പട്യാല ഹൗസ് കോടതിയിൽ പറഞ്ഞിരുന്നു. ചോദ്യം ചെയ്യൽ ഫലപ്രദമായിരുന്നെന്നും ഹവാല ഇടപാടിലൂടെയും മറ്റുമുള്ള പണം കൈമാറ്റത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്നും പബ്ലിക് പ്രോസിക്യൂട്ടർ ഡി.പി സിംഗ് പറഞ്ഞു. ഡിസംബർ അഞ്ചിനാണ് മിഷേലിനെ യു.എ.ഇയിൽ നിന്ന് ഇന്ത്യയിലെത്തിച്ചത്. ആദ്യം സി.ബി.ഐ അറസ്റ്റ് രേഖപ്പെടുത്തി. പിന്നീട് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് കള്ളപ്പണം വെളുപ്പിക്കൽ കേസ് രജിസ്റ്റർ ചെയ്‌തു. 14 ദിവസമാണ് ഇ.ഡി മിഷേലിനെ ചോദ്യം ചെയ്‌തത്.