richard-massan

ലണ്ടൻ:ലോകത്തിലെ ഏറ്റവും ഹതഭാഗ്യനായ പിതാവാണ് വടക്കൻ വെയിൽസിലെ റിച്ചാർഡ് മാസൻ എന്ന അമ്പത്തഞ്ചുകാരൻ. ജീവനെപ്പോലെ വിശ്വസിച്ച ഭാര്യയ്ക്ക് പിറന്ന മക്കൾ തന്റേതല്ലെന്നറിയുക. അതും ഇരുപതുവർഷത്തിനുശേഷം. ആരും തകർന്നുപോകുന്ന ഇൗ അവസ്ഥയെ റിച്ചാർഡ് പുഷ്പംപോലെ അതിജീവിച്ചു. മാത്രമല്ല കോടതിയെ സമീപിച്ച് ഭാര്യയുടെ കൈയിൽ നിന്ന് വൻ തുക നഷ്ടപരിഹാരവും വാങ്ങി.

ഒരു ചമ്മലും കൂടാതെ റിച്ചാർഡ് തന്നെയാണ് സ്വന്തം അനുഭവം ലോകത്തോട് വിളിച്ചുപറഞ്ഞത്. ഇരുപതുവർഷം മുമ്പാണ് റിച്ചാർഡ് കേയ്റ്റിനെ വിവാഹം കഴിച്ചത്.ഇവരുടെ ജീവിതം കണ്ട് ബന്ധുക്കളും സുഹൃത്തുക്കളും അസൂയപ്പെട്ടു. കേറ്റ് ആദ്യം ആൺകുഞ്ഞിന് ജന്മം നൽകി. തൊട്ടടുത്ത വർഷം ഇരട്ടക്കുട്ടികൾക്കും. ആനന്ദസാഗരത്തിലാറാടിയ റിച്ചാർഡ് മക്കളെ നല്ലനിലയിലാക്കാൻ രാപകൽ പാടുപെട്ടു.എല്ലാത്തിനും കൂട്ടായി കേയ്റ്റും. അനുസരണയുള്ള വിശ്വസ്തയായ ഭാര്യയായാണ് ഇൗ സമയത്തെല്ലാം കേയ്റ്റ് അഭിനയിച്ചതെന്നാണ് റിച്ചാർഡ് പറയുന്നത്.

രണ്ടുവർഷം മുമ്പ് മസ്തിഷ്കത്തെ ബാധിച്ച രോഗത്തിന്റെ ചികിത്സക്കായി ആശുപത്രിയിൽ എത്തിയപ്പോഴാണ് കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞത്. പരിശോധനയ്ക്കുശേഷം വിവരങ്ങൾ പറയാനായി ഡോക്ടർ സ്വകാര്യമുറിയിലേക്ക് വിളിപ്പിച്ചു. അക്കാര്യങ്ങൾ പറയുന്നതിനിടെയാണ് റിച്ചാർഡിന് ജന്മനാ പ്രത്യുത്പാദന ക്ഷമതയില്ലെന്ന് ഡോക്ടർ പറഞ്ഞത്. തമാശപറയുകയാണെന്നാണ് ആദ്യം കരുതിയത്. ചിരിച്ചുകൊണ്ട് താൻ മൂന്നുകുട്ടികളുടെ അച്ഛനാണെന്ന് റിച്ചാർഡ് ഡോക്ടറോടുപറഞ്ഞു. ഒരിക്കലും അങ്ങനെ സംഭവിക്കില്ലെന്നായിരുന്നു ഡോക്ടറുടെ മറുപടി. ആകെ തകർന്നുപോയ റിച്ചാർഡ് ഭാര്യയോട് സത്യാവസ്ഥ ചോദിച്ചു. ആദ്യമൊന്നും സമ്മതിച്ചില്ലെങ്കിലും ഒടുവിൽ അക്കാര്യം തുറന്നുപറഞ്ഞു- മൂന്നുമക്കളും റിച്ചാർഡിന്റേതല്ല.

റിച്ചാർഡ് വിവാഹമോചനത്തിന് കോടതിയെ സമീപിച്ചു. മോശമല്ലാത്ത തുക നഷ്ടപരിഹാരം കൊടുക്കേണ്ടിവന്നെങ്കിലും അധികംവൈകാതെ വിവാഹമോചനം അനുവദിച്ചു. പിന്നീടാണ് റിച്ചാർഡ് ശരിക്കും കളിച്ചത്. തന്റെ വഞ്ചിച്ചുവെന്ന് കാട്ടി അയാൾ വീണ്ടും കോടതിയെ സമീപിച്ചു. റിച്ചാർഡിന്റെ വാദങ്ങൾ അംഗീകരിച്ച കോടതി കേയ്റ്റ് വൻ തുക റിച്ചാർഡിന് നൽകാനും ആവശ്യപ്പെട്ടു. എന്നാൽ കുട്ടികളുടെ അച്ഛൻ ആരാണെന്ന് വെളിപ്പെടുത്തേണ്ടെന്നായിരുന്നു കോടതിയുടെ നിലപാട്.