ഡിസംബർ 12 ന് കേരളകൗമുദി മുഖപ്രസംഗം പേജിൽ ഡോ. എം. ആർ. രാജഗോപാൽ എഴുതിയ 'ആരോഗ്യ പരിരക്ഷ എല്ലാവർക്കും" എന്ന ലേഖനം വായിച്ച് കണ്ണുനിറഞ്ഞുപോയി. സേവനങ്ങളിൽ വച്ച് ഏറ്റവും മഹത്തരമായ ഒന്നാണ് ഒരു ഡോക്ടർ ചെയ്യുന്നത്. പക്ഷേ ആ സേവനത്തിനുള്ളിൽപ്പെടാൻ നിവൃത്തിയില്ലാതെ, ബന്ധുക്കളാരും, സ്വന്തം മക്കൾ പോലും ഉപേക്ഷിച്ചിരിക്കുന്ന എത്രയോ പേർ നമ്മുടെ സമൂഹത്തിലുണ്ട്.
അങ്ങനെ ജീവിതം തള്ളിനീക്കുന്ന ലക്ഷക്കണക്കിന് രോഗികളുടെ ചെറിയ കുടിലുകളിൽ പേരുകേട്ട പ്രഗത്ഭരായ ഡോക്ടർമാരും നഴ്സുമാരും സകല സംവിധാനങ്ങളോടും അതിനുവേണ്ട മരുന്നുമായും, നിസ്വാർത്ഥമായി അവരെ പോയി തലോടുകയും ആശ്വസിപ്പിക്കുകയും എന്താവശ്യത്തിനും ഞങ്ങളുണ്ട് എന്ന് ഉറപ്പുകൊടുക്കുകയും, ഇതിനൊന്നും നിങ്ങൾ ഒരു രൂപ പോലും ചെലവാക്കേണ്ടതില്ല എന്ന് വെളിപ്പെടുത്തുകയും ചെയ്യുമ്പോൾ പലർക്കും ഇതു സ്വപ്നമാണോ, യാഥാർത്ഥ്യമാണോ എന്ന് മനസിലാക്കാൻ സമയമെടുക്കും.
പാലിയേറ്റീവ് കെയർ എന്ന പേരിൽ ഡോ. എം.ആർ. രാജഗോപാൽ ചുക്കാൻ പിടിക്കുന്ന ഈ പ്രസ്ഥാനത്തിൽ നിസ്വാർത്ഥമായി സഹകരിക്കുന്ന മറ്റ് ഡോക്ടർമാരെയും മെഡിക്കൽ ടീമിനെയും രാജ്യം എത്ര അനുമോദിച്ചാലും ആദരിച്ചാലും മതിയാവുകയില്ല. വരുന്ന പുതിയ തലമുറയിലെ ജൂനിയർ ഡോക്ടർമാർക്കും ഇതൊരു മാതൃകയായിരിക്കട്ടെ. വൈദ്യസേവനം ഒരു തപസാണ്. സേവനം മാത്രമല്ല. ഈ ലേഖനം പ്രസിദ്ധീകരിച്ച കേരളകൗമുദിയെ പ്രത്യേകം അഭിനന്ദിക്കുന്നു.
അഡ്വ. പാച്ചല്ലൂർ ബി. രാജാരാമൻനായർ