കോഴിക്കോട്: ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സാഹിത്യോത്സവമായ കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന് കോഴിക്കോട്ടെ കടപ്പുറത്ത് ഇന്ന് തിരിതെളിയും. വൈകിട്ട് ആറിന് എം.ടി വാസുദേവൻ നായർ തിരി തെളിക്കും. നാലു ദിവസങ്ങളിലായി നടക്കുന്ന സാഹിത്യോത്സവത്തിന് വിവിധ രാജ്യങ്ങളിൽ നിന്നുള്ള അഞ്ഞൂറോളം അതിഥികൾ എത്തിച്ചേരും. ഡി.സി കിഴക്കേമുറി ഫൗണ്ടേഷനാണ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്.

കല, സാഹിത്യം, രാഷ്ടീയം, സിനിമ, ഫിലോസഫി, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങൾ ഫെസ്റ്റിൽ ചർച്ചയാവും.

സ്വാമി അഗ്‌നിവേശ്, രാകേശ് ശർമ്മ, റസൂൽ പൂക്കുട്ടി, ശോഭാ ഡേ, റിച്ചാർഡ് സ്റ്റാൾമാൻ, പ്രീതിഷേണോയ്, രവീന്ദർ സിംഗ്, രാജ് ദീപ് സർ ദേശായ്, അരുന്ധതി റോയ്, പ്രകാശ് രാജ്, അമീഷ് ത്രിപാഠി, നവീൻ ചൗള, ചേതൻ ഭഗത്, എം.ടി, പത്മപ്രിയ, റീമ കല്ലിങ്കൽ ,ആഷിക് അബു, സുഭാഷ്ചന്ദ്രൻ ,കെ.ആർ.മീര, സുനിൽ പി. ഇളയിടം, കെ.എം.അനിൽ ,സാഗരിക ഘോഷ്, ബെന്യാമിൻ, സാറാ ജോസഫ്, എം.മുകുന്ദൻ, ടി.ഡി.രാമകൃഷ്ണൻ, മനു എസ്. പിള്ള, ശശി തരൂർ, ടി.ഡി.രാമകൃഷ്ണൻ, ടി.എം.കൃഷ്ണ, എസ്.ഹരീഷ്, അനിതാ നായർ, രവി സുബ്രഹ്മണ്യൻ, രാമചന്ദ്രഗുഹ, ടി.പത്മനാഭൻ ,സക്കറിയ, സേതു, ആനന്ദ്, എൻ.എസ്.മാധവൻ, ബി.രാജീവൻ, വി.മധുസൂദനൻ നായർ, കെ.പി.രാമനുണ്ണി, കമൽറാം സജീവ്, പ്രമോദ് രാമൻ, കെ.ജി.എസ്, ടി.പി.രാജീവൻ, സി.വി.ബാലകൃഷ്ണൻ, സന്തോഷ് ഏച്ചിക്കാനം, ബി.ഇക്ബാൽ, വി.ജെ. ജെയിംസ്, എം.എൻ.കാരശ്ശേരി, പി.കെ.രാജശേഖരൻ, സണ്ണി എം.കപിക്കാട്, കല്പറ്റ നാരായണൻ, അംബികാസുതൻ മാങ്ങാട്, റഫീക്ക് അഹമ്മദ്, എതിരൻ കതിരവൻ, വി.ആർ സുധീഷ്, ഖദീജ മുംതാസ്, ലോക് നാഥ് ബഹ്‌റ, ഷെർളി വാസു, തുടങ്ങി ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള അഞ്ഞൂറിലേറെ പ്രതിഭാശാലികൾ പങ്കെടുക്കുന്ന നൂറു കണക്കിനു സെഷനുകളാണ് ഇത്തവണത്തെയും പ്രത്യേകതകൾ.

പ്രളയാനന്തര കേരളത്തിന്റെ നവനിർമ്മാണം പ്രത്യേകമായി ചർച്ച ചെയ്യും. സ്ത്രീ സമൂഹം മുന്നേറ്റങ്ങൾ, വെല്ലുവിളികൾ, ദളിത് മുന്നേറ്റം, ശാസ്ത്ര സെഷനുകൾ, ലൈംഗിക ന്യൂനപക്ഷങ്ങളുടെ പ്രശ്‌നങ്ങൾ എന്നിവയും കെ.എൽ.എഫ് വേദിയിൽ ചർച്ചയ്ക്ക് വഴിയൊരുക്കും. ഫെസ്റ്റിവൽ ഡയറക്ടർ കെ. സച്ചിദാനന്ദനാണ്.

വനിതാ സംവിധായകരുടെ ചിത്രങ്ങൾ ഉൾപ്പെടുത്തിയാണ് ഇത്തവണത്തെ ഫിലിം ഫെസ്റ്റിവൽ. പോയട്രി ഫെസ്റ്റിവൽ, ഫോട്ടോ പ്രദർശനം, ദിവസവും വൈകിട്ട് കലാപരിപാടികൾ എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്. കെ.എൽ.എഫിൽ പങ്കുചേരാൻ രണ്ടര ലക്ഷത്തോളം പേർ എത്തിച്ചേരുമെന്നാണ് പ്രതീക്ഷ. നാലു വേദികളിലായാണ് പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്.