ശ്രീനഗർ: കാശ്മീരിൽ നിന്ന് ആദ്യമായി സിവിൽ സർവീസിൽ ഒന്നാം റാങ്ക് നേടിയ ഷാ ഫൈസൽ സർക്കാർ സർവീസിൽ നിന്ന് രാജിവച്ചു. രാഷ്ട്രീയത്തിൽ പ്രവേശിക്കാനാണ് തീരുമാനമെന്നും ഫൈസൽ തന്റെ ഫേസ്ബുക്ക് പേജിൽ പറഞ്ഞു. കാശ്മീരിൽ തുടരുന്ന പ്രക്ഷോഭത്തിൽ നിരപരാധികളായ നിരവധിപേർ കൊല്ലപ്പെടുന്നതിൽ പ്രതിഷേധിച്ചാണ് രാജിയെന്നും അദ്ദേഹം പറഞ്ഞു.
കാശ്മീരിലെ ജനങ്ങളോട് ആത്മാർത്ഥമായി ഇടപഴകാൻ കേന്ദ്രം തയ്യാറാകുന്നില്ലെന്നും അവരെ നിരന്തരം കൊലപ്പെടുത്തുന്നുവെന്നും ഷാ ഫൈസൽ ഫേസ്ബുക്കിൽ ആരോപിച്ചു. രാജ്യത്തെ 20 കോടിയോളം വരുന്ന മുസ്ലിങ്ങളെ ഹിന്ദുത്വ ശക്തികൾ രണ്ടാംതരം പൗരന്മാരായി കാണുന്നുവെന്നും 35 കാരനായ ഫൈസൽ കുറ്റപ്പെടുത്തി.
രാജ്യത്തെ അസഹിഷ്ണുത, വിദ്വേഷം, തീവ്രദേശീയത എന്നിവയോടുള്ള പ്രതിഷേധമാണ് തന്റെ രാജിയെന്നും അദ്ദേഹം സൂചിപ്പിച്ചു. ഭാവി കാര്യങ്ങളെപ്പറ്റി മാദ്ധ്യമങ്ങളോട് നാളെ വെളിപ്പെടുത്തുമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം ഷാ ഫൈസൽ കാശ്മീരിലെ നാഷണൽ കോൺഫറൻസിൽ ചേർന്ന് ലോക്‌സഭയിൽ മത്സരിക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്. തീരുമാനത്തെ സ്വാഗതം ചെയ്ത് നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ള ട്വീറ്റ് ചെയ്തിരുന്നു.
ഇന്ത്യയെ റേപിസ്ഥാൻ എന്ന് അധിക്ഷേപിച്ച് ഷാ ഫൈസൽ അടുത്തിടെ നടത്തിയ ട്വീറ്റിനെ തുടർന്ന് കേന്ദ്ര പഴ്സണൽ മന്ത്രാലയം അച്ചടക്ക നടപടിയെടുക്കാൻ ഒരുങ്ങിയിരുന്നു. വിവാദങ്ങൾ നിലനിൽക്കെയാണ് രാജി തീരുമാനം. 2010ൽ ഐ.എ.എസ് പരീക്ഷയിൽ ഒന്നാം റാങ്കുനേടിയ ഫൈസൽ കാശ്മീരിലെ യുവാക്കൾക്ക് വലിയ പ്രചോദനമായിരുന്നു.