ശാസ്ത്രബോധവും ശാസ്ത്ര ഗവേഷണവും പ്രോത്സാഹിപ്പിക്കാനായി 1914 ൽ രൂപീകരിച്ച സയൻസ് കോൺഗ്രസ് സ്വാതന്ത്ര്യപ്രാപ്തിക്ക് ശേഷം ജവഹർലാൽ നെഹ്റുവിന്റെ താത്പര്യപ്രകാരം, പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്ന, ഇന്ത്യയിലെ പ്രമുഖ ശാസ്ത്രജ്ഞർ പങ്കെടുക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ശാസ്ത്രസമ്മേളനമായി മാറി. മൂല്യത്തിന് ഇടിവ് സംഭവിച്ചെങ്കിലും ശാസ്ത്ര കോൺഗ്രസിന്റെ പ്രസക്തി കുറച്ച് കാണാനാവില്ല. കേരള സർവകലാശാല കാമ്പസിൽ 2010 ൽ നടന്ന 97 - ാമത് ശാസ്ത്ര കോൺഗ്രസ് യുവശാസ്ത്രജ്ഞർ അവതരിപ്പിച്ച മികച്ച പ്രബന്ധങ്ങൾ കൊണ്ടും സ്കൂൾ- കോളേജ് വിദ്യാർത്ഥികൾ ശാസ്ത്രജ്ഞരുമായി നടത്തിയ ആശയവിനിമയം കൊണ്ടും ശ്രദ്ധേയമായിരുന്നു.
ഇന്ത്യൻ സയൻസ് കോൺഗ്രസ് 2015 ജനുവരി മൂന്ന് മുതൽ ഏഴ് വരെ മുംബെയിൽ നടന്ന 102 -ാം സമ്മേളനത്തിൽ അവതരിപ്പിക്കപ്പെട്ട ചില പ്രബന്ധങ്ങൾ നിർഭാഗ്യവശാൽ ഇന്ത്യയെ ലോകരാജ്യങ്ങൾക്ക് മുന്നിൽ പരിഹാസ്യമാക്കി.
ജലന്ധറിൽ ഈ ജനുവരി മൂന്ന് മുതൽ ഏഴ് വരെ നടന്ന 106 -ാമത് ശാസ്ത്ര കോൺഗ്രസിൽ ആന്ധ്രാ സർവകലാശാല വൈസ് ചാൻസലർ ജി.നാഗ്വേശ്വര റാവുവും തമിഴ്നാട് വേൾഡ് കമ്യൂണിറ്റി സെന്ററിലെ ശാസ്ത്രജ്ഞൻ ഡോ . കാനൻ ജഗതലകൃഷ്ണനും നടത്തിയ ശാസ്ത്രവിരുദ്ധ പ്രസ്താവനകൾ ശാസ്ത്രലോകത്തിൽ വീണ്ടും ഇന്ത്യയെ നാണം കെടുത്തി.
കെമിസ്ട്രി പ്രൊഫസർ കൂടിയായ നാഗേശ്വരറാവു , പൗരാണിക ഇന്ത്യയിൽ വിത്തുകോശ ഗവേഷണം നടന്നതിന് മഹാഭാരതത്തിൽ തെളിവുണ്ടെന്ന് അവകാശപ്പെട്ടു. കൗരവർ ഇങ്ങനെ ജനിച്ചവരാണത്രെ. ചലിക്കുന്ന വസ്തുക്കളെ നശിപ്പിക്കാൻ വിഷ്ണുചക്രം എന്ന ഗൈഡഡ് മിസൈലുകൾ വിഷ്ണു ഉപയോഗിച്ചിരുന്നതായും അദ്ദേഹം അവകാശപ്പെട്ടു. ജഗതല കൃഷ്ണനാവട്ടെ ഐസക്ക് ന്യൂട്ടന് ഗുരുത്വാകർഷണത്തെപ്പറ്റി ഒരു ചുക്കും അറിഞ്ഞുകൂടെന്നും ആൽബർട്ട് ഐൻസ്റ്റിന്റെ ആപേക്ഷികതാ സിദ്ധാന്തം ശുദ്ധവിഡ്ഢിത്തമാണെന്നും ആരോപിച്ചു.
'പ്രാചീന ശാസ്ത്രങ്ങൾ സംസ്കൃതത്തിലൂടെ" എന്ന പേരിൽ നടത്തിയ ശില്പശാലയിൽ ആനന്ദ ബോധാസ്, അമേയ യാദവ് എന്നിവർ അവതരിപ്പിച്ച പ്രബന്ധങ്ങളാണ് പരിഹാസ്യമായ ആശയങ്ങൾ മുന്നോട്ടുവച്ചത്. പ്രബന്ധങ്ങൾ അവകാശപ്പെട്ടത് ഏഴായിരം വർഷം മുമ്പുതന്നെ ഇന്ത്യയിൽ ഗ്രഹാന്തര യാത്രകൾ നടത്താൻ പ്രാപ്തമായ വിമാനങ്ങൾ ഉണ്ടായിരുന്നുവെന്നാണ്. ആ വിമാനങ്ങൾ ഇന്നത്തെക്കാൾ വലിപ്പമേറിയവയും ഇടത്തേക്കും വലത്തേക്കും പിന്നിലേക്കും ചലിപ്പിക്കാൻ കഴിയുന്നവയുമായിരുന്നത്രേ. ഭരദ്വാജ് മുനി ഏഴായിരം വർഷം മുൻപ് രചിച്ച 'വൈമാനിക പ്രകരണം' എന്ന ഗ്രന്ഥത്തിലേതാണ് വിവരങ്ങളെന്നാണ് പ്രബന്ധ കർത്താക്കൾ അറിയിച്ചത്. ഗ്രന്ഥത്തിന്റെ ഏതാനും ഭാഗം മാത്രമേ കണ്ടെടുക്കാനായുള്ളൂ എന്നും ശേഷിച്ചവ വൈദേശിക ശക്തികൾ അപഹരിച്ച് കൊണ്ടുപോയി എന്നുമുള്ള ഗൂഢാലോചനാ സിദ്ധാന്തവും അവതരിപ്പിക്കപ്പെട്ടു.
'രൂപാകർഷണ രഹസ്യം' എന്ന സംസ്കൃത ഗ്രന്ഥത്തിൽ റഡാറുകളെപ്പറ്റി പറഞ്ഞിട്ടുണ്ടെന്നും വിമാനത്തിന്റെ ഘടന വിശദമായി രേഖപ്പെടുത്തിയിട്ടുണ്ടെന്നും അവകാശപെട്ടു. വൈമാനിക പരിശീലകനായി വിരമിച്ചയാളാണ് ക്യാപ്റ്റൻ ആനന്ദ് ബോധാസ് എന്നോർക്കണം. ചെറുവിമാനങ്ങൾ മുതൽ ജംബോജറ്റ് വരെ പുരാതനകാലത്ത് ഭാരതീയർ പറത്തിയിരുന്നുവെന്നാണ് ഇദ്ദേഹത്തിന്റെ അവകാശവാദം. പിന്നീടൊരാൾ ചൊവ്വയുടെ ഉപരിതലത്തിൽ കണ്ടെത്തിയ ഹെൽമറ്റ് ആകൃതിയിലുള്ള വസ്തു വ്യോമസഞ്ചാരികളുടെ തലയിൽ ധരിച്ചിരുന്ന മുടിയാണെന്ന് അവകാശപ്പെടാനും മടിച്ചില്ല. ക്വാണ്ടം ഫിസിക്സിന്റെ അടിസ്ഥാന പ്രമാണങ്ങളിലൊന്നായ അനിശ്ചിതത്വ നിയമം കണ്ടെത്തിയ ഹൈസൻ ബർഗ് അത് വേദങ്ങളിൽ നിന്നും മോഷ്ടിച്ചതാണത്രേ.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസസിലെ എച്ച്.എസ്. മുകുന്ദ, എസ്.എം. ദേശ് പാണ്ഡെ, എം.ആർ നാഗേന്ദ്ര, എ. പ്രഭു, എസ് . പി ഗോവിന്ദ രാജു തുടങ്ങിയ ശാസ്ത്രജ്ഞർ ജേർണൽ ഓഫ് സയിന്റിഫിക്ക് ഒപ്പീനിയൻ എന്ന ശാസ്ത്ര മാസികയിൽ എഴുതിയ പ്രബന്ധത്തിൽ ഭരദ്വാജ് എഴുതിയ വൈമാനികശാസ്ത്രം 1904 നോ ശേഷമോ എഴുതപ്പെട്ടതാണെന്നതിനുള്ള തെളിവുകൾ അവതരിപ്പിച്ചിട്ടുണ്ട്. പുസ്തകത്തിൽ പറയുന്ന വിമാനമാതൃക പ്രയോഗിച്ച് വിമാനം പറത്താനാവില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. 1903 ൽ തന്നെ റൈറ്റ് സഹോദരന്മാർ വിമാനത്തിന്റെ ആദ്യമാതൃക തയ്യാറാക്കി അമേരിക്കയിലെ നോർത്ത് കരോലിന സംസ്ഥാനത്തെ കിറ്റി ഹോക്ക് എന്ന സ്ഥലത്ത് പരീക്ഷണപ്പറക്കൽ വിജയകരമായി നടത്തിയിരുന്നുവല്ലോ. ഈ ശാസ്ത്രശാഖയിൽ വിദഗ്ദ്ധനായ പ്രസിദ്ധ ശാസ്ത്രജ്ഞൻ റോധാം നരസിംഹ, പൗരാണിക ഭാരതത്തിൽ വൈമാനിക ശാസ്ത്രപരമായി ഗൗരവമായി പരിഗണിക്കേണ്ടതൊന്നും എഴുതപ്പെട്ടിട്ടില്ലെന്നും വൈമാനിക് പ്രകരണത്തിൽ രേഖപ്പെടുത്തിയതൊന്നും ശാസ്ത്രദൃഷ്ട്യാ സാധൂകരിക്കാനാവുന്നതല്ലെന്നും വ്യക്തമാക്കി.
ശാസ്ത്രകോൺഗ്രസിനു മുൻപ് തന്നെ പ്രധാനമന്ത്രി നരേന്ദ്രമോദിയും ബാലിശമായ അഭിപ്രായ പ്രകടനങ്ങളിലൂടെ ശാസ്ത്രവിരുദ്ധ സമീപനത്തിന് തുടക്കം കുറിച്ചിരുന്നു. പൗരാണികകാലത്ത് ഭാരതത്തിൽ പ്ലാസ്റ്റിക്ക് സർജറി അറിയാവുന്നവർ ഉണ്ടായിരുന്നെന്ന് ഗണപതിയുടെ ശരീരഘടന ഉദാഹരിച്ച് പ്രധാനമന്ത്രി വാദിച്ചു. ഗർഭപാത്രത്തിന് പുറത്ത് ഭ്രൂണം ഉത്പാദിപ്പിക്കുന്ന സാങ്കേതികജ്ഞാനം പോലും ഭാരതത്തിൽ നിലനിന്നിരുന്നുവെന്ന് അദ്ദേഹം അവകാശപെട്ടു. ഉന്നത വിദ്യാഭ്യാസ സഹമന്ത്രി സത്യപാൽ സിങ് പരിണാമ സിദ്ധാന്തം തെറ്റാണെന്നും ഇതനുസരിച്ച് സ്കൂൾ പാഠ്യപദ്ധതി തിരുത്തുമെന്നും പറഞ്ഞു.പൈതഗോറസ് സിദ്ധാന്തം ഇന്ത്യയിലാണ് കണ്ടെടുത്തതെന്നും പൗരാണിക ഗ്രീക്കുകാർ നിരവധി ശാസ്ത്ര സിദ്ധാന്തങ്ങൾ ഇന്ത്യയിൽ നിന്ന് തട്ടിയെടുത്തതാണെന്നും ശാസ്ത്രമന്ത്രിയും ഡോക്ടറുമായ ഹർഷവർധൻ കഴിഞ്ഞ വർഷം തട്ടിവിട്ടിരുന്നു. സ്റ്റീഫൻ ഹോക്കിങ് നിരവധി കണ്ടുപിടിത്തങ്ങൾ വേദങ്ങളെ ആശ്രയിച്ചാണ് നടത്തിയതെന്ന് അവകാശപ്പെട്ടിരുന്നതായുള്ള വാദം ഹോക്കിങിനെ വിശദമായി പഠിച്ചിട്ടുള്ള ശാസ്ത്രജ്ഞർ തള്ളിക്കളഞ്ഞു.
ഈജിപ്ത്, ചൈന തുടങ്ങിയ രാജ്യങ്ങളിലെല്ലാം പുരാണഗ്രന്ഥങ്ങളിൽ മിത്തുകളും ഭാവനകളും രേഖപ്പെടുത്തിയിട്ടുണ്ട്. ഉപരിപ്ലവമായ സാമ്യത്താൽ വേദഗ്രന്ഥങ്ങളിലെ പരാമർശങ്ങളെ ശാസ്ത്രമായി പരിഗണിക്കാനാവില്ല. ആധുനികകാലത്ത് എച്ച്.ജി വെൽസും കാൾസാഗനും മറ്റും രചിച്ച ശാസ്ത്ര നോവലുകളിൽ പിൽക്കാലത്ത് ശാസ്ത്രീയമായി കണ്ടുപിടിക്കപ്പെട്ട നിരവധി സാങ്കേതിക വിദ്യകളെപ്പറ്റി സൂചനയുണ്ട്. ഇതൊന്നും മുൻകൂട്ടി കണ്ടുപിടിക്കപ്പെട്ട ശാസ്ത്രസത്യങ്ങളായി കണക്കിലെടുക്കാറില്ല. പരീക്ഷണങ്ങളിലൂടെ വികസിപ്പിച്ചെടുക്കുന്ന ശാസ്ത്രവിജ്ഞാനത്തിന്റെ അടിസ്ഥാനം പുനരാവർത്തനവും പരിശോധനാ വിധേയത്വവുമാണ്.
പാശ്ചാത്യ കേന്ദ്രീകൃതമായ ശാസ്ത്ര ചരിത്രരചനയിൽ ഇന്ത്യ, ചൈന, അറേബ്യ തുടങ്ങിയ രാജ്യങ്ങളുടെ സംഭാവനകൾ തമസ്കരിക്കപ്പെട്ടിട്ടുണ്ടെന്നത് ശരിയാണ്. ഗണിതം, ജ്യോതിശാസ്ത്രം, വൈദ്യശാസ്ത്രം എന്നീ മേഖലകളിൽ പൗരസ്ത്യരാജ്യങ്ങളിലെ ശാസ്ത്ര പ്രതിഭകൾ മൗലിക സംഭാവനകൾ നൽകിയിട്ടുണ്ട്. പാശ്ചാത്യനാടുകളെക്കാൾ വിപുലമായ ഗണിതപദ്ധതി കേരളത്തിന് സ്വന്തമായിരുന്നുവെന്ന് പ്രസിദ്ധ ഗണിത ശാസ്ത്രജ്ഞൻ ജോർജ്ജ് ഗീവർഗീസ് ജോസഫ് ഗവേഷണത്തിലൂടെ കണ്ടെത്തിയിട്ടുണ്ട്. ഇത്തരം സംഭാവനകൾ ശാസ്ത്രീയസിദ്ധാന്ത രൂപീകരണ രീതിശാസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയിട്ടുള്ളവയാണ്. ഇന്ത്യൻ ശാസ്ത്രജ്ഞർ മുൻകാലങ്ങളിൽ നൽകിയിട്ടുള്ളവയും വിസ്മൃതിയിൽ ലയിക്കുകയോ തിരസ്കരികപ്പെടുകയോ ചെയ്യപ്പെട്ട ശാസ്ത്രസംഭാവനകളെ പുന:സ്ഥാപിക്കാനുള്ള ശ്രമങ്ങളെ അശാസ്ത്രീയ വാദങ്ങൾ ദുർബലപ്പെടുത്തുമെന്നതാണ് ദൗർഭാഗ്യകരം.
അതിദേശീയ വാദത്തിന്റെയും തീവ്രഹിന്ദുത്വത്തിന്റെയും നവ പുനരുത്ഥാനവാദത്തിന്റെയും ഭാഗമായിട്ടാണ് ഇത്തരം അഭിപ്രായങ്ങൾ ഉയർന്നതെന്ന് വ്യക്തം. ഇത്തരം പ്രസ്താവനകളിലൂടെ ഭരണാധികാരികളും കുപ്രചരണം നടത്തിയവരും ഭരണഘടനാലംഘനമാണ് നടത്തിയിരിക്കുന്നത്. ഇന്ത്യൻ ഭരണഘടനയുടെ 51 എ (എച്ച്) അനുച്ഛേദത്തിൽ ശാസ്ത്രബോധം, മാനവികത, ശാസ്ത്രാന്വേഷണത്വര എന്നിവ പ്രോത്സാഹിപ്പിക്കേണ്ടത് പൗരന്റെ ചുമതലയും കടമയുമാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഇത്തവണ ഇന്ത്യൻ സയൻസ് കോൺഗ്രസ് അസോസിയേഷൻ, നോബൽ സമ്മാന ജേതാവ് വെങ്കിട്ടരാമൻ രാമകൃഷ്ണന്റെ നിർദ്ദേശപ്രകാരം ശാസ്ത്ര കോൺഗ്രസിൽ അവതിരിപ്പിക്കുന്ന പ്രബന്ധങ്ങളുടെയും പ്രഭാഷണങ്ങളുടെയും സംഗ്രഹം മുൻകൂട്ടി എഴുതി വാങ്ങി ശാസ്ത്രീയ മാനദണ്ഡങ്ങളനുസരിച്ച് പരിശോധിക്കാൻ തീരുമാനിച്ചത് ആശ്വാസകരമാണ്. ശാസ്ത്രീയ അടിത്തറയില്ലാത്ത പ്രബന്ധങ്ങൾക്ക് അനുമതി നിഷേധിക്കുമെന്നും സയൻസ് കോൺഗ്രസ് അസോസിയേഷൻ വ്യക്തമാക്കിയിട്ടുണ്ട്.
(ലേഖകൻ സംസ്ഥാന ആസൂത്രണ ബോർഡംഗവും കേരള സർവകലാശാല മുൻ വൈസ് ചാൻസലറുമാണ്. )