kanthapuram-

കോഴിക്കോട്: ഭരണഘടന തിരുത്തിയെഴുതാനുള്ള കേന്ദ്ര നീക്കത്തിന്റെ തുടക്കമാണ് സാമ്പത്തിക സംവരണമെന്ന് അഖിലേന്ത്യാ സുന്നി ജം ഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസലിയാർ പറഞ്ഞു.

ഈ വിഷയത്തിൽ പ്രതിപക്ഷ കക്ഷികൾ പാർലമെന്റിൽ നല്കിയ പിന്തുണ പിന്നാക്ക വിഭാഗങ്ങളുടെ അവകാശങ്ങൾക്ക് എതിരായ നീക്കം ശക്തമാക്കാൻ സർക്കാരിന് ആത്മവിശ്വാസം നല്കുന്നതാണ്. സാമൂഹിക അസമത്വം പരിഹരിക്കാനെന്ന മട്ടിൽ നടപ്പാക്കുന്ന സാമ്പത്തിക സംവരണത്തിലൂടെ അസമത്വം കൂടുതൽ വ്യവസ്ഥാപിതമാവുകയാണ് ചെയ്യുക. പട്ടികജാതി- പട്ടികവർഗ, മറ്റു പിന്നാക്ക വിഭാഗങ്ങൾക്കു പോലും സംവരണം ബാധകമാക്കാത്ത സ്വകാര്യ, അൺ എയ്ഡഡ് മേഖലകളിൽ പോലും സാമ്പത്തിക സംവരണം ഏർപ്പെടുത്താനുള്ള നീക്കം ഇതിന്റെ ഭാഗമാണ്.ഒ.ബി.സി വിഭാഗങ്ങൾക്ക് സംവാരണാനുകൂല്യം നിഷേധിക്കുന്ന സാമ്പത്തിക മാനദണ്ഡങ്ങൾ എടുത്തു കളയാൻ സർക്കാർ തയ്യാറാകുമോ എന്നും കാന്തപുരം ചോദിച്ചു.

പുതിയ ബില്ലിനെ നിയമപരമായി നേരിടാൻ സുന്നി സംഘടനകളുടെ ദേശീയതല കൂട്ടായ്മ പിന്തുണ നൽകും. ഇക്കാര്യത്തിൽ സമാന മനസ്‌കരുമായി ചർച്ചകൾ നടത്തുമെന്നും കാന്തപുരം അറിയിച്ചു.