sabarimala-woman-entry-

പത്തനംതിട്ട: മലകയറിയത് പൊലീസ് സുരക്ഷില്ലാതെയാണെന്ന് അയ്യപ്പദർശനം നടത്തിയെന്ന് അവകാശപ്പെട്ട രംഗത്ത് വന്ന എസ്.പി മഞ്ജു പറഞ്ഞു. ഞാൻ പോകുമ്പോൾ എനിക്ക് പൊലീസ് സുരക്ഷയില്ലായിരുന്നു. ഞാൻ എന്റേതായ സുരക്ഷിതത്വം ഉറപ്പാക്കിക്കൊണ്ട് പോയതാണ്. ആരുടെയും ഒരു എതിർപ്പും എനിക്ക് നേരിടേണ്ടി വന്നിട്ടില്ലെന്നും മഞ്ജു വ്യക്തമാക്കി.

നവോത്ഥാന കേരളം ശബരിമലയിലേക്ക് എന്ന ഓൺലൈൻ ഗ്രൂപ്പിന്റെ സഹായം തനിക്കുണ്ടായിരുന്നു. അവിടുത്തെ യുവാക്കളുടെ പിന്തുണയോടുകൂടിയാണ് ഞാനവിടെ പോയത്. അവർ അകത്തും പുറത്തുമൊക്കെ പലയിടത്തും ഉണ്ടായിരിക്കാം. ഞങ്ങൾക്കവിടെ സുരക്ഷിതത്വമുണ്ടാവുമെന്ന് അവിടെപ്പോയി ഉറപ്പുവരുത്തിയത് അവരാണ്. ആ ഉറപ്പ് ഉണ്ടോയെന്ന് പരിശോധിക്കാന്‍ കൂടിയാണ് എന്റെ യാത്ര.

അവിടെ പോകുന്ന യുവതികളെയൊക്കെ പൊലീസ് തടഞ്ഞുവെച്ച് സംഘപരിവാറിന്റെ തിട്ടൂരം മേടിച്ചിട്ടേ കൊണ്ടുപോകൂവെന്നുള്ള മനോഭാവം മാറ്റണമെന്നും മഞ്ജു പറഞ്ഞു.

എന്നെ അവരൊക്കെ കൊല്ലുമെന്ന് പറഞ്ഞിട്ടും ഞാനിപ്പോൾ തന്റേടത്തോടെ ഇരിക്കുകയാണ്. കൊല്ലാൻ വരുന്നവർ വരട്ടെ, ഏതായാലും ഈയൊരു പ്രക്രിയ ഇനിയും തുടരണം. അവിടെ യാതൊരു പ്രശ്‌നവുമില്ല. പ്രശ്‌നമുണ്ടാക്കുന്നവർ രാഷ്ട്രീയ മുതലെടുപ്പിനുവേണ്ടി നില്‍ക്കുന്നവരാണ്.

അയ്യപ്പനിൽ സമർപ്പിച്ചായിരുന്നു ശബരിമല തൃശൂരിൽ നിന്നാണ് യാത്ര തിരിച്ചത്. ആരുടേയും പ്രതിഷേധം വഴിയിൽ ഉണ്ടായില്ല. ആചാരസംരക്ഷകർ എന്നുപറഞ്ഞ് ശബരിമലയിൽ നിൽക്കുന്നവരുടെ പിന്തുണ പോലും തനിക്ക് കിട്ടി. പൂജാദ്രവ്യങ്ങൾ എവിടെയാണ് സമർപ്പിക്കേണ്ടത് എന്ന് അറിയില്ലായിരുന്നു. അവിലും മലരും ഭസ്മവും മഞ്ഞൾപ്പൊടിയും നെയ്ത്തേങ്ങയുമൊക്കെ എവിടെയാണ് സമർപ്പിക്കേണ്ടത് എന്ന് ശബരിമലയിൽ ഉണ്ടായിരുന്ന മറ്റ് ഭക്തർ പറഞ്ഞുതന്നുവെന്നും മഞ്ജു പറഞ്ഞു.

മഞ്ജു ഇതിനു മുൻപും ശബരിമല ദർശനം നടത്താൻ ആഗ്രഹം അറിയിച്ച് എത്തിയിരുന്നു. വലിയ പ്രതിഷേധം ഉണ്ടാകാൻ സാധ്യതയുണ്ടെന്നും നേരിടാനിടയുള്ള ബുദ്ധിമുട്ടുകളെക്കുറിച്ചും പൊലീസ് മഞ്ജുവിനോട് വിശദീകരിച്ചതോടെ പിന്തിരിയുകയായിരുന്നു. പൊലീസിനെ അറിയിക്കാതെ രഹസ്യമായായിരുന്നു ഇന്നലത്തെ സന്ദര്‍ശനം. ഇന്നലെ കാലത്ത് 7.30 ന് ശ്രീകോവിലിനു മുന്നിലെത്തുകയും നെയ്യഭിഷേകം മുതൽ എല്ലാ ചടങ്ങുകളും അയ്യപ്പക്ഷേത്രത്തിലും മാളികപ്പുറം ക്ഷേത്രത്തിലും നടത്തിയെന്നും ഓൺലൈൻ കൂട്ടായ്മ അവകാശപ്പെടുന്നു. രാവിലെ 10.30 ഓടെ മഞ്ജു തിരിച്ച് പമ്പയിലെത്തി മടങ്ങിയെന്നും 'നവോത്ഥാന കേരളം ശബരിമലയിലേക്ക്' വിശദീകരിക്കുന്നു.