പ്രേക്ഷകർ കാത്തിരുന്ന തമിഴ് ചിത്രം വർമ്മയുടെ ട്രെയിലർ പുറത്തിറക്കി. സംവിധായകൻ ബാല അണിയിച്ചൊരുക്കുന്ന ചിത്രത്തിൽ നടൻ ചിയാൻ വിക്രമിന്റെ മകൻ ധ്രുവാണ് നായകൻ. നായകന്റെ വ്യത്യസ്ഥ കാലഘട്ടങ്ങളിലൂടെ കഥ പറയുന്ന ചിത്രത്തിന്റെ ട്രെയിലറിന് വൻ വരവേല്പാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. നടൻ സൂര്യയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടത്.
പ്രണയവും, വിരഹവും, ക്യാമ്പസും എല്ലാം കോർത്തിണക്കി യുവാക്കൾക്കിടയിൽ തരംഗമായ അർജുൻ റെഡ്ഢി എന്ന തെലുങ്ക് ചിത്രത്തിന്റെ ഒഫിഷ്യൽ റീമേക്കാണ് വർമ്മ. വിജയ് ദേവരകൊണ്ട നായകനായെത്തിയ ചിത്രം വൻ ഹിറ്രായിരുന്നു. മേഘ ചൗധരി, ഈശ്വരി റാവു, റൈസാ വിൽസൺ, ആകാശ് പ്രേംകുമാർ തുടങ്ങിയവരാണ് വർമ്മയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇഫോർ എന്റർടെയിൻമെന്റ്സിന്റെ ബാനറിൽ മുകേഷ് മെഹ്‌ത്തയാണ് ചിത്രം നിർമ്മിക്കുന്നത്. ഫെബ്രുവരി 14 പ്രണയദിനത്തിലാണ് ചിത്രം തീയേറ്ററുകളിലെത്തുക.