മാനന്തവാടി: തവിഞ്ഞാൽ സർവീസ് സഹകരണ ബാങ്ക് ജീവനക്കാരനായിരുന്ന പി.എം. അനിൽകുമാറിന്റെ (അനൂട്ടി) ആത്മഹത്യയുമായി ബന്ധപ്പെട്ട് സഹപ്രവർത്തകനെ പൊലീസ് അറസ്റ്റു ചെയ്തു. ബാങ്കിലെ ക്ലാർക്ക് വെൺമണി കുറ്റിമാക്കൽ സുനീഷിനെയാണ് (40) തലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. ആത്മഹത്യാ പ്രേരണക്കുറ്റമാണ് ചുമത്തിയത്. കോടതി റിമാൻഡ് ചെയ്ത പ്രതിയെ മഞ്ഞപ്പിത്ത ബാധയെ തുടർന്ന് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അനൂട്ടിയുടെ മരണത്തിൽ പ്രധാനമായും ആരോപണ വിധേയനായ ബാങ്ക് മുൻ പ്രസിഡന്റ് പി. വാസുവിന് ഹൈക്കോടതിയിൽ നിന്ന് ഇന്നലെ മുൻകൂർ ജാമ്യം ലഭിച്ചിട്ടുണ്ട്. ബാങ്ക് സെക്രട്ടറി പി.കെ. നസീമ മുൻകൂർ ജാമ്യത്തിന് കോടതിയെ സമീപിച്ചതിനാൽ അറസ്റ്റ് ഉണ്ടായില്ല. ഇരുവരെയും പ്രതിചേർത്ത് ആത്മഹത്യാ പ്രേരണക്കുറ്റത്തിന് പൊലീസ് കേസെടുത്തിരുന്നു. ഇപ്പോൾ അറസ്റ്റിലായ സുനീഷിനെതിരെ പൊലീസ് കേസെടുത്തിരുന്നില്ല.
രക്തം പതിച്ച കത്തുകൾ എഴുതിവച്ചാണ് സി.പി.എം പ്രവർത്തകനായ അനൂട്ടി വീടിനുള്ളിൽ ആത്മഹത്യ ചെയ്തത്. കത്തിൽ ആത്മഹത്യയ്ക്ക് ഉത്തരവാദികളായവരെ കുറിച്ച് വ്യക്തമാക്കിയിരുന്നു. ബാങ്ക് പ്രസിഡന്റായിരുന്ന പി. വാസു, സെക്രട്ടറി പി.കെ. നസീമ, ക്ലാർക്ക് സുനീഷ് എന്നിവരുടെ പേരുകളാണ് കത്തുകളിലുണ്ടായിരുന്നത്. പി. വാസുവിനെ പാർട്ടി ചുമതലകളിൽ നിന്ന് നീക്കാൻ സി.പി.എം നേതൃത്വം തീരുമാനിച്ചിരുന്നു. ഇതോടെ ഇദ്ദേഹം ബാങ്ക് പ്രസിഡന്റ് സ്ഥാനം രാജിവച്ചു. എന്നാൽ പൊലീസ് നടപടി വൈകിയതോടെ നാട്ടുകാർ കർമ്മസമിതി രൂപീകരിച്ച് സമരത്തിനിറങ്ങി. ആത്മഹത്യയ്ക്ക് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്തില്ലെങ്കിൽ പൊലീസ് സ്‌റ്റേഷന് മുന്നിൽ നിരാഹാര സമരം നടത്തുമെന്ന് രണ്ട് ദിവസം മുമ്പ് അനൂട്ടിയുടെ ഭാര്യ ബിന്ദു പത്രസമ്മേളനം നടത്തി പറഞ്ഞിരുന്നു. ഇതോടെയാണ് പൊലീസ് അറസ്റ്റ് നടപടികൾ വേഗത്തിലാക്കിയത്.