rahul

ജയ്പൂർ: കാർഷിക കടങ്ങൾ എഴുതി തള്ളിയതിനു പിന്നാലെ രാജസ്ഥാനിൽകോൺഗ്രസ് വീണ്ടും കർഷക സൗഹൃദ പദ്ധതികൾ പ്രഖ്യാപിച്ചു. വരുന്ന അഞ്ചുവർഷത്തിൽ കർഷകർക്ക് വൈദ്യുത ചാർജ്ജ് വർദ്ധനയുണ്ടാവില്ലെന്നും ജൂണിനകം ഒരു ലക്ഷം പുതിയ വൈദ്യുത കണക്‌ഷൻ നൽകുമെന്നും ജയ്പൂരിൽ നടന്ന റാലിയിൽ മുഖ്യമന്ത്രി അശോക് ഗെലോട്ട് പ്രഖ്യാപിച്ചു. വിളകൾക്ക് കുറഞ്ഞ താങ്ങുവില നൽകുമെന്നും വിവിധ ഗ്രാമങ്ങളിൽ ഭക്ഷ്യ നിർമ്മാണ യൂണിറ്റുകൾ ആരംഭിക്കുമെന്നും ഗെലോട്ട് വാഗ്‌ദാനം ചെയ്തു.

സഹകരണ ബാങ്കുകളിൽ നിന്നെടുത്ത എല്ലാ കാർഷിക കടങ്ങളും മറ്റ് ബാങ്കുകളിൽ നിന്നുള്ള 2 ലക്ഷം രൂപവരെയുള്ള കടങ്ങളും എഴുതിത്തള്ളുമെന്ന് അധികാരമേറ്റയുടൻ ഗെലോട്ട് സർക്കാർ പ്രഖ്യാപിച്ചിരുന്നു. സസ്ഥാനത്തിന് 8000 കോടി രൂപയുടെ സാമ്പത്തിക ചെലവുണ്ടാക്കുന്ന തീരുമാനമാണിത്.

കർഷകർ കരുത്തുകാട്ടി: രാഹുൽ
കാർഷിക പ്രശ്നങ്ങൾ കൊണ്ട് പൊറുതിമുട്ടിയ കർഷകർ ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ കരുത്തുകാട്ടിയെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽഗാന്ധി പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ വിജയിപ്പിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം കാർഷിക കടങ്ങൾ എഴുതിതള്ളുമെന്നും രാഹുൽ പറഞ്ഞു. പുതിയ ഹരിത വിപ്ലവത്തിലൂടെ കർഷക പ്രശ്നങ്ങൾ കോൺഗ്രസ് അഭിസംബോധന ചെയ്യുമെന്നും രാഹുൽ പറഞ്ഞു.