alok

ന്യൂഡൽഹി: രണ്ടുമാസത്തിലധികം നീണ്ട കേന്ദ്രസർക്കാരിന്റെ നിർബന്ധിത അവധിക്ക് ശേഷം, അലോക് വർമ്മ വീണ്ടും സി.ബി.ഐ തലപ്പത്ത് തിരിച്ചെത്തുമ്പോൾ പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള മൂന്നംഗസമിതിയാകും ഇനി അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുക. സമിതിയിലേക്ക് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗൊയ് തനിക്ക് പകരം സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകനായ ജസ്റ്രിസ് എ.കെ.സിക്രിയെ പ്രതിനിധിയായി നാമനിർദ്ദേശം ചെയ്തു. മുതിർന്ന കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഗാർഗെയും സമിതിയിൽ അംഗമാണ്.

അലോക് വർമ്മയെ സി.ബി.ഐ ഡയറക്ടർ സ്ഥാനത്തു നിന്ന് പുറത്താക്കിയ ബെഞ്ചിൽ അംഗമായിരുന്നതിനാലാണ് രഞ്ജൻ ഗൊഗോയ് പുതിയ സമിതിയിൽ നിന്ന് മാറി നിൽക്കുന്നത്. വർമ്മയുടെ രണ്ടുവർഷം കാലാവധി ഈ മാസം 31 ന് അവസാനിക്കും. ചൊവ്വാഴ്ചയാണ് അലോക്‌ വർമ്മയെ തിരിച്ചെടുത്തുകൊണ്ട് സുപ്രീംകോടതി വിധി പ്രഖ്യാപിച്ചത്. എന്നാൽ നയപരമായ തീരുമാനങ്ങൾ കൈകൊള്ളുന്നതിൽ നിന്ന് വർമ്മയെ കോടതി വിലക്കിയിട്ടുണ്ട്. കേന്ദ്ര വിജിലൻസ് കമ്മിഷന്റെ അന്വേഷണം തീരുന്നതുവരെയാണ് വിലക്ക്. എങ്കിലും റാഫേൽ ഇടപാടിൽ പ്രാഥമിക അന്വേഷണത്തിന് വർമ്മ ഉത്തരവിടുമോയെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നുണ്ട്. വർമ്മയ്ക്ക് എതിരായ അഴിമതി ആരോപണം പരിശോധിക്കാൻ പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതി യോഗം നിർണായക തീരുമാനങ്ങൾ കൈക്കൊണ്ടേക്കും. വർമ്മയെ നിർബന്ധിത അവധിയിൽ പ്രവേശിപ്പിക്കാനുള്ള കേന്ദ്രസർക്കാരിന്റെ തീരുമാനത്തിൽ പ്രധാനമന്ത്രി ഉറച്ചുനിന്നേക്കും. മല്ലികാർജുൻ ഗാർഗെ ഇതിനെ എതിർക്കാനാണ് സാദ്ധ്യത. ഈ സാഹചര്യത്തിൽ ചീഫ് ജസ്റ്റിസിന്റെ പ്രതിനിധിയായ ജസ്റ്റിസ് സിക്രി സ്വീകരിക്കുന്ന നിലപാടാവും നിർണായകമാവുക.

ഇന്നലെ രാവിലെ സി.ബി.ഐ ആസ്ഥാനത്ത് ചുമതലയേൽക്കാനെത്തിയ വർമ്മയെ ഡയറക്ടറുടെ ചുമതല വഹിച്ചിരുന്ന നാഗേശ്വർ റാവു സ്വീകരിച്ചു.