biju

പരവൂർ: മനോവൈകല്യമുള്ള പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ശേഷം, ഗർഭഛിദ്രം നടത്തി ഭ്രൂണം കുഴിച്ചിട്ട കേസിലെ പ്രതി മുംബയിൽ അറസ്റ്റിൽ.ചിറക്കര പോളച്ചിറ കുഴിപ്പിൽ ബൈജുവാണ് (36) അറസ്റ്റിലായത്.

അവിവാഹിതനായ ബൈജുവുമായി അടുപ്പത്തിലായിരുന്ന വീട്ടമ്മയുടെ മകളെ ആറുമാസം മുമ്പാണ് ഇയാൾ പീഡനത്തിനിരയാക്കിയത്. പെൺകുട്ടി ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെയാണ് പീഡനവിവരം പുറത്തായത്.

പെൺകുട്ടി അഞ്ചുമാസം ഗർഭിണിയാണെന്ന് സ്ഥിരീകരിക്കപ്പെട്ടതോടെ, വർക്കലയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ബൈജുവിന്റെ സഹായത്തോടെ പെൺകുട്ടിയുടെ മാതാവാണ് ഗർഭഛിദ്രം നടത്തിച്ചത്. ആശുപത്രിയിൽ നിന്ന് കൊണ്ടുവന്ന ഭ്രൂണം ബൈജുവിന്റെ വീടിനു പുറകിൽ കുഴിച്ചിടുകയായിരുന്നു.

പെൺകുട്ടി പഠിക്കുന്ന സ്ഥാപനത്തിൽ ചെല്ലാതിരുന്നതിനെത്തുടർന്ന് കുടുംബശ്രീ പ്രവർത്തകർ വഴി നടത്തിയ അന്വേഷണത്തിലാണ് സംഭവം നാട്ടുകാർ അറിഞ്ഞത്. കേസിനെ തുടർന്ന് ഒളിവിൽ പോയ ബൈജുവിനെ മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ മുംബയിൽ നിന്നാണ് പരവൂർ സി.ഐ സാനിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്. പ്രതിയെ ഇന്ന് കോടതിൽ ഹാജരാക്കും. പെൺകുട്ടി മഹിളാ മന്ദിരത്തിന്റെ സംരക്ഷണയിലാണ്.