pic

 ലോകത്തെ ഏറ്റവും വേഗം വളരുന്ന സമ്പ‌ദ്‌വ്യവസ്ഥയെന്ന പട്ടം ഇന്ത്യ നിലനിറുത്തും

ന്യൂഡൽഹി: നടപ്പു സാമ്പത്തിക വർഷം ഇന്ത്യ മൊത്ത ആഭ്യന്തര ഉത്‌പാദനത്തിൽ (ജി.ഡി.പി) 7.3 ശതമാനം വളർച്ച രേഖപ്പെടുത്തുമെന്ന് ലോകബാങ്ക് പുറത്തിറക്കിയ 'ഗ്ളോബൽ എക്കണോമിക് പ്രോസ്‌പെക്‌ട്സ്" റിപ്പോർട്ട് വ്യക്തമാക്കി. ആഭ്യന്തര ഉപഭോഗം വർദ്ധിക്കുന്നതും നിക്ഷേപത്തിലെ ഉണർവുമാണ് ഇന്ത്യയ്ക്ക് കരുത്താവുക. ലോകത്തെ ഏറ്റവും വേഗം വളരുന്ന വലിയ സമ്പദ്‌വ്യവസ്ഥയെന്ന പട്ടം ഇന്ത്യ ഈ വർഷവും നിലനിറുത്തുമെന്നും റിപ്പോർട്ടിലുണ്ട്.

അടുത്ത രണ്ടുവർഷക്കാലയളവിൽ ഇന്ത്യയുടെ വളർച്ച 7.5 ശതമാനമായിരിക്കും. അതേസമയം, സാമ്പത്തിക - രാഷ്‌ട്രീയ രംഗത്ത് ഇന്ത്യയുടെ മുഖ്യ എതിരാളിയായ ചൈനയുടെ വളർച്ച 2019ൽ 6.2 ശതമാനമായും 2020ൽ 6.5 ശതമാനമായും ഇടിയും. നടപ്പുവർഷം ചൈന പ്രതീക്ഷിക്കുന്ന വളർച്ച 6.5 ശതമാനമാണ്. കഴിഞ്ഞവർഷം ചൈന 6.9 ശതമാനം വളർന്നിരുന്നു. 2016-17ൽ 8.2 ശതമാനമെന്ന വിസ്‌മയ വളർച്ച നേടിയ ഇന്ത്യ കഴിഞ്ഞ സാമ്പത്തിക വർഷം 6.7 ശതമാനത്തിലേക്ക് തകർന്നിരുന്നു. നോട്ട് അസാധുവാക്കലും ജി.എസ്.ടിയുമാണ് തിരിച്ചടിയായത്.

നടപ്പു സാമ്പത്തിക വർഷം ഇന്ത്യ 7.5 ശതമാനം വളരുമെന്നാണ് കേന്ദ്രസർക്കാരിന്റെ വിലയിരുത്തൽ. 7.4 ശതമാനമാണ് റിസർവ് ബാങ്കിന്റെ പ്രതീക്ഷ. ആഭ്യന്തര ഉപഭോഗം കൂടുന്നത് ജി.ഡി.പിയിൽ മുന്നേറ്റമുണ്ടാക്കുമെങ്കിലും കേന്ദ്ര സർക്കാരിന്റെ കറന്റ് അക്കൗണ്ട് കമ്മി പരിധിവിട്ടുയരാൻ ഇടവരുത്തുമെന്നും ലോക ബാങ്കിന്റെ റിപ്പോർട്ടിലുണ്ട്.

2019ൽ ആഗോള സമ്പദ്‌വ്യവസ്ഥ നേരിടുക കനത്ത മാന്ദ്യമായിരിക്കുമെന്ന് ലോകബാങ്കിന്റെ റിപ്പോർട്ട്. 2018ലെ മൂന്ന് ശതമാനത്തിൽ നിന്ന് 2.9 ശതമാനത്തിലേക്ക് വളർച്ച ഇടിയും. വ്യാപാരയുദ്ധമാണ് പ്രധാനമായും തിരിച്ചടിയാവുക. അമേരിക്കയുടെ വളർച്ച 2.9 ശതമാനത്തിൽ നിന്ന് 2.5 ശതമാനമായി ഇടിയും. 4.2 ശതമാനമായിരിക്കും വികസ്വര രാജ്യങ്ങളുടെ വളർച്ച. വികസിത രാജ്യങ്ങൾ പ്രതീക്ഷിക്കുന്നത് രണ്ടു ശതമാനം.