ന്യൂഡൽഹി: ഇരുപത്തിയഞ്ച് വയസ്സ് പ്രായം തോന്നിക്കുന്ന യുവതിയുടെ മൃതദേഹം സ്യൂട്ട് കേസിലാക്കി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കിഴക്കൻ ഡൽഹിയിലെ ന്യൂ അശോക് നഗറിലാണ് സംഭവം. രാത്രി ഓട്ടോറിക്ഷയിൽ സഞ്ചരിച്ചിരുന്ന ഒരാളാണ് വഴിയരികിൽ സ്യൂട്ട് കേസ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് ഇയാൾ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.
മൂർച്ചയേറിയ വസ്തുകൊണ്ട് യുവതിയുടെ മുഖം വികൃതമാക്കിയ നിലയിലായിരുന്നു കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. യുവതിയുടെ വലത് കൈത്തണ്ടയിൽ 'മോഹിത്' എന്ന് പച്ചകുത്തിയിരുന്നതായും പൊലീസ് വ്യക്തമാക്കി. എന്നാൽ മൃതദേഹം ആരുടേതാണെന്ന് ഇതുവെര തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. സിസിടിവി കാമറകൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. പ്രാഥമിക അന്വേഷണത്തിൽ സ്യൂട്ട് കേസിൽ നിന്ന് ഒരു തുമ്പും ലഭിച്ചില്ലെന്ന് അധികൃതർ അറിയിച്ചു.
കഴിഞ്ഞ വർഷം സെപ്തംബറിൽ ഒരു ഗർഭിണിയായ സ്ത്രീയെ സമാനമായ രീതിയിൽ കൊലചെയ്ത് സ്യൂട്ട് കേസിലാക്കിയ ദമ്പതികളെ പൊലീസ് അറ്സ്റ്റ് ചെയ്തിരുന്നു. റിതു-സൗരവ് ദമ്പതികളാണ് പൊലീസ് പിടിയിലായത്. ഗർഭിണിയായ സ്ത്രീയും ദമ്പതികളും ഒരേ കെട്ടിടത്തിലായിരുന്നു താമസിച്ചിരുന്നത്. അടുത്തിടെ വിവാഹിതയായിരുന്ന സ്ത്രീ അയൽവാസികളായ ദമ്പതികളെ ആഭരണങ്ങളും വസ്ത്രങ്ങളും കാണിച്ചിരുന്നു. തൊട്ടടുത്ത ദിവസം ആഭരണങ്ങളും മോഷ്ടിച്ച ശേഷം റിതുവും സൗരവും ഗർഭിണിയെ കൊന്ന് സ്യൂട്ട് കേസിലാക്കുകായിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് പൊലീസ് ദമ്പതികളെ അറസ്റ്റ് ചെയ്തത്.