rahul-gandhi-

ന്യൂഡൽഹി: 56 ഇഞ്ച് നെഞ്ചുള്ള കാവൽക്കാരന് സ്വയം പ്രതിരോധിക്കാൻ കഴിവില്ലെന്നും അതിനായി ഒരു സ്ത്രീയെ മുന്നിൽ നിറുത്തിയിരിക്കുകയാണെന്നും കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി. റാഫേൽ ഇടപാടിനെക്കുറിച്ച് കേന്ദ്ര പ്രതിരോധമന്ത്രി നിർമല സീതാരാമൻ പാർലമെന്റിൽ നടത്തിയ പ്രസംഗത്തെ ഉന്നമിട്ടായിരുന്നു രാഹുലിന്റെ പ്രസ്താവന.

'56 ഇഞ്ച് നെഞ്ചുള്ള കാവൽക്കാരന്‍ ഓടി രക്ഷപ്പെടുന്നതിന്റെ ഇടയിൽ ഒരു സ്ത്രീയോട് പറഞ്ഞു സീതാരാമൻജി എന്നെ പ്രതിരോധിക്കു... എനിക്ക് എന്നെ സ്വയം പ്രതിരോധിക്കാൻ കഴിയില്ല... എന്നെ പ്രതിരോധിക്കൂ...' - രാഹുൽ റാലിയിൽ സംസാരിക്കവെ പരിഹസിച്ചു. രണ്ടര മണിക്കൂറെടുത്തിട്ടും ഇവർക്ക് മോദിയെ പ്രതിരോധിക്കാൻ കഴിഞ്ഞില്ല. എന്റെ ചോദ്യത്തിന് അതെ അല്ലെങ്കിൽ അല്ല എന്ന് മറുപടി പറയാൻ ആവശ്യപ്പെട്ടിട്ടും അവർ മറുപടി പറഞ്ഞില്ലെന്നും രാഹുൽ കൂട്ടിച്ചേർത്തു.

എന്നാൽ രാഹുലിന്റെ പ്രസ്താവനയെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്തെത്തി. ഒരു സ്ത്രീയെ അപമാനിക്കാനാണ് പ്രതിപക്ഷം ഇപ്പോൾ ശ്രമിക്കുന്നത്. രാജ്യത്തെ സ്ത്രീകളെ അപമാനിക്കലാണിതെന്നും പ്രധാനമന്ത്രി ആരോപിച്ചു.