h

നടൻ ഹരിശ്രീ അശോകൻ ആദ്യമായി സംവിധാനം ചെയ്യുന്ന 'ഇന്റർനാഷണൽ ലോക്കൽ സ്റ്റോറി' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മഹാനടൻ മമ്മൂട്ടിയുടെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടു. വളരെ കാലമായി ഒരു സിനിമ സംവിധാനം ചെയ്യണമെന്ന ആഗ്രഹത്തിന് ഒടുവിൽ ഉത്തരം കണ്ടെത്തിയിരിക്കുകയാണ് മലയാളത്തിന്റെ സ്വന്തം രമണൻ.

രാഹുൽ മാധവ്,​ ധർമ്മജൻ ബോൾഗാട്ടി,​ കാലഭവൻ ഷാജോൺ, സലിംകുമാർ,​ ടിനി ടോം,​ മനോജ് കെ ജയൻ,​ ബിജുക്കുട്ടൻ,​ സുരേഷ് കൃഷ്ണ,​ ദീപക് പരമ്പോൾ,​ നന്ദു തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. മലയാളത്തിലെ പ്രധാന ഹാസ്യ താരങ്ങൾ അണിനിരക്കുന്ന ചിത്രം ഒരു ഫുൾ കോമഡി ചിത്രമാണെന്ന് വ്യക്തം. രഞ്ജിത്ത്,​എബെൻ,​സജീഷ് എന്നിവരാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും നിർവ്വഹിച്ചിരിക്കുന്നത്.

ആൽബിൻ ആന്റണിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. നാദിർഷ,​ ഗോപി സുന്ദർ,​ അരുൺ രാജ് എന്നിവർ ചേർന്നാണ് സംഗീതമൊരുക്കുന്നത്. സെപ്തംബറിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്. എസ്ക്വയർ സിനിമാസാണ് ചിത്രം തീയേറ്ററുകളിൽ എത്തിക്കുക.