-pinarayi-

കൊച്ചി: സ്വന്തം മകൾക്ക് കൊച്ചി നഗരത്തിലുണ്ടായ ദുരനുഭവത്തെക്കുറിച്ച് പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന് ഒരച്ഛന്റെ തുറന്ന കത്ത്. എന്തു വിശ്വസിച്ചു രക്ഷിതാക്കൾ പെൺമക്കളെ പുറത്തു വിടുമെന്ന് പിതാവ് കത്തിൽ മുഖ്യമന്ത്രിയോട് ചോദിച്ചു. കഴിഞ്ഞ ദിവസം സ്വന്തം മകൾക്ക് ഫോർട്ട് കൊച്ചിയിൽ വച്ചുണ്ടായ അനുഭവത്തിന്റെ പശ്ചാത്തലത്തിലാണ് കത്ത്. സംഭവത്തെ തുടർന്ന് പിതാവ് പൊലീസില്‍ പരാതി നല്‍കിയെങ്കിലും നടപടിയൊന്നുമുണ്ടായില്ല.

ഫോർട്ട് കൊച്ചി സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും തുടർനടപടികളുണ്ടായില്ലെന്ന് പിതാവ് വ്യക്തമാക്കി. പ്രതികളെ കണ്ടെത്താൻ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാന്‍ ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്നും പിതാവ് മുഖ്യമന്ത്രിക്കയച്ച പരാതിയിൽ പറയുന്നു.

പെൺകുട്ടി വൈകിട്ട് ഏഴിന് താമസിക്കുന്ന ഫ്ലാറ്റിലേക്ക് നടന്നുപോകുമ്പോൾ ബൈക്കിലെത്തിയ ഒരാൾ കൈയേറ്റം ചെയ്യുകയായിരുന്നു. കരഞ്ഞുകൊണ്ട് പൊലീസുകാരെ കാണുന്നതുവരെ ഓടിയതു കൊണ്ടു മാത്രം കഷ്ടിച്ചു രക്ഷപ്പെടുകയായിരുന്നു. പരാതിയുമായി പലതവണ സ്റ്റേഷനിൽ കയറിയിറങ്ങിയിട്ടും അനുകൂലമായ നിലപാടു സ്വീകരിക്കാത്ത പശ്ചാത്തലത്തിലാണു ബിസിനസുകാരനായ പിതാവ് മുഖ്യമന്ത്രിക്കു കത്തെഴുതിയത്.

ആയിരക്കണക്കിനു പെൺകുട്ടികളുടെ രക്ഷിതാക്കൾക്കു വേണ്ടിയാണു താൻ പൊലീസ് സ്റ്റേഷനുകൾ കയറിയിറങ്ങുന്നത്. ഇനിയും അവൾ പുറത്തിറങ്ങുമ്പോൾ ഇങ്ങനെ സംഭവിക്കില്ല എന്നതിന് എന്തുറപ്പാണു നൽകാനാവുക? തകർന്ന ഹൃദയവും പേറി ഈ പെൺകുഞ്ഞുങ്ങളുടെ സുരക്ഷയ്ക്കായി എവിടെയാണ് ഇനി പരാതി പറയേണ്ടത്? ഒരിക്കലും സംഭവിക്കരുതാത്തതാണു മകൾക്ക് അനുഭവിക്കേണ്ടി വന്നത്. പൊലീസിൽ റിപ്പോർട്ടു ചെയ്തിട്ടും ഒന്നും സംഭവിച്ചില്ല. പ്രതിയെ പിടികൂടാൻ പൊലീസ് ചെറുവിരൽ പോലും അനക്കിയില്ല. കുറ്റവാളി ഇപ്പോഴും പരിസരങ്ങളിൽ തന്നെയുണ്ട്. പൊലീസിനെയോ നിയമ സംവിധാനങ്ങളെയോ ഭയപ്പെടാതെ അയാളിപ്പോഴും അടുത്ത ഇരയ്ക്കായി കറങ്ങി നടക്കുകയായിരിക്കാം.

ജനങ്ങൾക്കുവേണ്ടി എന്ന പേരിൽ പൊലീസും സർക്കാരും നടത്തുന്നതു വെറും കസർത്തുകളാണ്. സ്ത്രീ സമത്വത്തിനു വേണ്ടി എന്ന പേരിൽ സർക്കാർ ചെയ്യുന്നതെല്ലാം നല്ലതാണ്. പക്ഷേ അതിനേക്കാൾ അത്യാവശ്യമായത് അവരുടെ സുരക്ഷയാണ്. വീടിന് അകത്തായാലും പുറത്തായാലും പെൺകുട്ടികളുടെ സുരക്ഷ അടിസ്ഥാന മനുഷ്യാവകാശവും രാജ്യത്തിന്റെ ഉത്തരവാദിത്വവുമാണ്. സ്വന്തം മകൾക്കായിരുന്നു ഇതു സംഭവിച്ചിരുന്നതെങ്കിൽ എന്തു നടപടി സ്വീകരിക്കുമായിരുന്നു എന്നതു പോലെ നടപടികളെടുക്കാനാണ് അഭ്യർത്ഥന. ഒരു പിതാവെന്ന നിലയിലുള്ള അപേക്ഷയാണിത്. പിതാവ് തന്റെ കത്തിൽ വ്യക്തമാക്കുന്നു.

പരിസരത്തുള്ള അഞ്ച് സ്വകാര്യ സിസിടിവി കാമറകൾ പരിശോധിച്ചെങ്കിലും പെൺകുട്ടിയുടെയോ സംഭവത്തിന്റെയോ ചിത്രങ്ങളൊന്നും കാണാൻ കഴിഞ്ഞില്ലെന്നാണ് പൊലീസ് പറയുന്നത്. 100 മീറ്റർ അകലെയുളള മറ്റൊരു കാമറയിൽ സംഭവം നടന്ന സമയത്ത് ഒരു ബൈക്ക് പാഞ്ഞുപോകുന്നതായി കാണുന്നുണ്ടെന്നും നമ്പർ തിരിച്ചറിയാൻ കഴിയാത്തതിനാൽ കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ടെന്നും സി.ഐ അറിയിച്ചു.