ഫെഫ്കാ ഡയറക്ടേഴ്സ് യൂണിയനും റൈറ്റേഴ്സ് യൂണിയനും ചേർന്ന് നിർമ്മിക്കുന്ന ചിത്രം ജീത്തു ജോസഫ് സംവിധാനം ചെയ്യും. രൺജിപണിക്കരാണ് തിരക്കഥ ഒരുക്കുന്നത്. അഭിനയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന രൺജി പണിക്കർ നീണ്ട ഇടവേളയ്ക്ക് ശേഷം തിരക്കഥയെഴുതുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്.ചിത്രത്തിൽ ഒരു സൂപ്പർതാരം നായകനായി എത്തുമെന്ന് സംവിധായകൻ ജീത്തു ജോസഫ് സിറ്റി കൗമുദിയോട് പറഞ്ഞു.
ഫെഫ്കയുടെ ധനശേഖരണർത്ഥം നിർമ്മിക്കുന്ന ചിത്രത്തിൽ മലയാളത്തിലെ പ്രമുഖ താരങ്ങൾ അണിനിരക്കും. സിനിമയുടെ പ്രാരംഭ ചർച്ചകൾ നടന്നു വരികയാണ്. കാളിദാസ് ജയറാമിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന മിസ്റ്റർ. & മിസ് റൗഡി ഫെബ്രുവരി 22 നു തിയേറ്ററുകളിലെത്തും. ആദ്യ ഹിന്ദി ചിത്രമായ ബോഡിയുടെ ഡബ്ബിംഗ് ജോലികളുമായി ബന്ധപ്പെട്ട് ജീത്തു ജോസഫ് ഇപ്പോൾ ഹൈദരാബാദിലാണ്. ഇത് കഴിഞ്ഞാലുടൻ ഫെഫ്കയ്ക്കു വേണ്ടിയുള്ള ചിത്രത്തിന്റെ ജോലികളിലേക്ക് കടക്കുമെന്ന് ജീത്തു പറഞ്ഞു.